തിരുവനന്തപുരം: മെയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ ഈ മാസം അവസാനം മുതല്‍ വിതരണം ചെയ്യും. കോവിഡ് വ്യാപാനത്തിന്‍റെ പശ്ചാത്തലത്തിലും സംസ്ഥാനത്തെ പലയിടങ്ങളിലും ലോക്ക്ഡൗണായതിന്‍റെ സാഹചര്യത്തിലുമാണ് ഇത്തവണ നേരത്തെ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാധാരണയായി വിഷുവിനുളള ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഓണത്തിനാണ് പെന്‍ഷന്‍ വിതരണം ചെയ്യുക. എന്നാല്‍ ഇത്തവണ പതിവ് മാറ്റുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ കൈയ്യില്‍ പണം എത്തിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏകദേശം 48.5 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കും. ഇതിനു പുറമേ 10.8 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകളിലെ സര്‍ക്കാര്‍ സഹായത്തോടെ വിതരണം ചെയ്യുന്ന പെന്‍ഷനും ലഭിക്കും. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടി രൂപയും സര്‍ക്കാര്‍ സഹായത്തോടെ പെന്‍ഷന്‍ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയും അനുവദിച്ചിട്ടുണ്ട്. 22 വരെ മസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കും പുനര്‍വിവാഹിതയല്ലെന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും രണ്ടു മാസത്തെ പെന്‍ഷന്‍ ലഭിക്കും.