ജയ്പൂര്‍: മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് രാജസ്ഥാനിലെ ബിജെപി നേതാവ് ഓം മാത്തൂര്‍. രാജസ്ഥാനില്‍ നടക്കുന്ന രാഷ്ട്രീയ പിടിവലികള്‍ക്കിടയിലാണ് ഓം മാത്തൂറിന്‍റെ ക്ഷണം.
സച്ചിന്‍ പൈലറ്റിനായി ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു എന്ന് പറഞ്ഞ മാത്തൂര്‍, എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി അശോക് ഗഹലോട്ട് വിശ്വാസ വോട്ടെടുപ്പിലൂടെ നിയമസഭയിലെ ഭൂരിപക്ഷം തെളിയിക്കണമെന്നും ആവശ്യപ്പെട്ടു.
ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കിയത്. രാജസ്ഥാൻ കോണ്‍ഗ്രസ് ഇന്ന് ചേര്‍ന്ന രണ്ടാം നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.