വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റില്‍ വന്‍ തീപിടുത്തം. ഫാര്‍മ സിറ്റിയിലെ രാംകി സിടിവി സോല്‍വെന്‍റ്‌സ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കമ്പനിയില്‍ നിന്ന് വന്‍ ശബ്ദത്തില്‍ സ്‌ഫോടനമുണ്ടാവുകയും പിന്നീട് തീ പടരുകയും ചെയ്യുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. എന്നാല്‍ സ്‌ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിശാഖപട്ടണം കമ്മീഷണര്‍ രാജീവ് കുമാര്‍ മീന പറഞ്ഞു.
നാല് മണിക്കൂര്‍ കൊണ്ടാണ് അഗ്നിശമന സേന തീ അണച്ചത്. അപകട സമയത്ത് നാല് തൊഴിലാളികള്‍ പ്ലാന്‍റിനകത്തുണ്ടായിരുന്നു. അതില്‍ മല്ലേശ്വര്‍ റാവു എന്ന തൊഴിലാളിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഗജുവാകയിലുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്ലാന്‍റിലെ നാല് റിയാക്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിശാഖപട്ടണം കളക്ടര്‍ വി . വിനയചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ വിശാഖപട്ടണത്തുണ്ടാകുന്ന മൂന്നാമത്തെ തീപിടുത്തമാണിത്.