വിശുദ്ധ ഹജ്ജ് കർമ്മം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മക്കയിലും, മദീനയിലെയും പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കി. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക് 10,000 റിയാല്‍ പിഴ ഒടുക്കേണ്ടി വരും . കോവിഡ് വ്യാപനം തടയുന്നതിനായി നിശ്ചയിച്ച മുന്‍കരുതല്‍ നടപടികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹജ്ജ് അനുമതി പത്രമില്ലാതെ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത്രയധികം തുകയുടെ പിഴ ചുമത്തുക.
നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്ന് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ടു ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിനകത്തുള്ള പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരമൊരുക്കുന്നത്. ഇഖാമ (താമസ രേഖ )കൈവശമുള്ള ഏഴായിരം വിദേശികള്‍ക്കും മൂവായിരം സ്വദേശികള്‍ക്കുമാണ് അനുമതി ലഭിച്ചിട്ടുള്ളത് . വിദേശികളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഈ വര്‍ഷം വിദേശ ഹാജിമാരെ തിരഞ്ഞെടുക്കുക.ഹജ്ജ് അവസാനിക്കുന്നതോടെ ഹാജിമാര്‍ പതിനാല് ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ കഴിയുകയും വേണം.