സംസ്ഥാനത്ത് തിങ്കളാഴ്ച 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ കൂടുകയാണ്. ഇന്ന് രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരാണ് മരിച്ചത്. ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 801 പേർക്കാണ് ഇന്നു സമ്പർക്കത്തിലൂടെ രോഗം. ഉറവിടം അറിയാത്തത് 40. വിദേശത്തു നിന്നു വന്നവർ 55, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 85. ആരോഗ്യപ്രവർത്തകർ 15, കെഎസ്ഇ 6. ഇന്നു തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ രോഗികൾ– 205 പേർ.
കോവിഡ് ബാധിതര്‍, ജില്ല തിരിച്ച്;
തിരുവനന്തപുരം 205
കൊല്ലം 57
പത്തനംതിട്ട 36
ആലപ്പുഴ 101
കോട്ടയം 35
ഇടുക്കി 26
എറണാകുളം 106
തൃശ്ശൂർ 85
പാലക്കാട് 59
മലപ്പുറം 85
കോഴിക്കോട് 33
വയനാട് 31
കണ്ണൂർ 37
കാസറഗോഡ് 66
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,343 സാംപിളുകളാണ് പരിശോധിച്ചത്. 1,43,251 പേരാണ് നിരീക്ഷണത്തിൽ. 10,779 പേർ ആശുപത്രികളിൽ. ഇന്നു മാത്രം 1115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ– 11,484 പേർ. ആകെ 4,00,029 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,27,233 സാംപിളുകള്‍ ശേഖരിച്ചതില്‍ 1254 സാംപിളുകൾ നെഗറ്റീവ് ആയി. നിലവിൽ സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 506.
സമ്പർക്കവ്യാപനം വഴിയുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തി മാർക് ചെയ്യാൻ പൊലീസിനെ ചുമതലപ്പെടുത്തും. ജില്ല പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടകൾ സ്വീകരിക്കണം. ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങുന്നതും നിയന്ത്രണ രേഖ മറികടക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയും വർധിക്കുന്നു. ഇത്തരം കാര്യങ്ങളിൽ നിയന്ത്രണത്തിനുള്ള പൂർണ ചുമതല പൊലീസിന് നൽകുന്നു.
സമ്പർക്ക വിലക്ക് ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർ പൊലീസിനെ അറിയിക്കണം. പോസിറ്റീവ് ആയവരുടെ കോൺടാക്ടുകൾ കണ്ടെത്താനുള്ള നടപടി പൊലീസ് സ്വീകരിക്കണം. ഇതിന് എസ്ഐയുടെ നേതൃത്വത്തിലുള്ള ഒരു ടീം പ്രവർത്തിക്കുന്നു. പോസിറ്റീവ് ആയവരുടെ സമ്പർക്ക പട്ടിക നിലവൽ ഹെൽത് ഇൻസ്പെക്ടർമാരാണ് തയാറാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് ഇത് പൊലീസിനു നൽകുകയാണ്. പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തുകയാണ് വേണ്ടത്.
ആശുപത്രികൾ, പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, വിവാഹ വീടുകൾ, മരണവീടുകൾ, വൻകിട കച്ചവട സ്ഥാപനങ്ങൾ ഇങ്ങനെ ആളുകൾ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽ പ്രത്യേക നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിനായി സംസ്ഥാനതല നോഡൽ ഓഫിസറായി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയെ നിശ്ചയിച്ചു. കണ്ടെയ്ൻമെന്റ് സോണുകൾ ഇപ്പോൾ നിശ്ചയിക്കുന്നതു വാർഡോ ഡിവിഷനോ അനുസരിച്ചാണ്.
ഇതിൽ ഒരു മാറ്റം വരികയാണ്. പോസിറ്റീവ് ആയ ആളിന്റെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തിയാൽ ആ സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം ഒരു കണ്ടെയ്ൻമെന്റ് മേഖലയാകും. ഒരു വാർഡ് എന്നതിനു പകരം വാർഡിന്റെ ഒരു പ്രദേശത്താണ് ഈ ആളുകൾ ഉള്ളതെങ്കിൽ ആ പ്രദേശമായിരിക്കും കണ്ടെയ്ൻമെന്റ് സോൺ. കൃത്യമായ മാപ്പ് തയാറാക്കും. അതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കും.– മുഖ്യമന്ത്രി വിശദീകരിച്ചു.












