ഷാർജ: ഉൽപാദകരുടെയും കർഷകരുടെയും റെക്കോർഡ് പങ്കാളിത്തം ഉറപ്പുവരുത്തിയ 9-ാമത് അൽ ദൈദ് ഈത്തപ്പഴ മേള ആകർഷകമായി സമാപിച്ചു. എക്‌സ്‌പോ അൽ ദൈദിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ഒരുക്കിയ മേള ഞായറാഴ്ചയാണ് സമാപിച്ചത്.
ഈ വർഷം 15-ലധികം കാർഷിക സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ നിന്നുള്ള പുതിയ, സുസ്ഥിര കാർഷിക സാങ്കേതികവിദ്യകൾ മേളയിൽ പ്രദർശിപ്പിച്ചു. വിളവെടുപ്പിന്റെ ഗുണനിലവാരവും കർഷക പ്രശ്നങ്ങൾക്ക് നൂതന പരിഹാരവും നൽകുന്ന രീതിയിലുള്ള പുതിയ കൃഷി രീതികളാണ് പ്രധാന ആകർഷണമായത്.
പരമ്പരാഗത കാർഷിക രീതികളുടെ സംരക്ഷണത്തിനൊപ്പം ഭാവിയെ ലക്ഷ്യമിട്ട് നടപ്പാക്കിയ സംരംഭങ്ങളുടെ വിജയാനുഭവങ്ങളും മേളയിലൂടെ പങ്കുവെച്ചതായി സംഘാടകർ അറിയിച്ചു.
കർഷകരെ തമ്മിൽ സാങ്കേതിക കൈമാറ്റത്തിനായി ഒരുമിപ്പിക്കുന്ന വേദിയായി ഈ മേള മാറിയതായി ഷാർജ ചേംബർ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടറും, അൽ ദൈദ് മേളയുടെ മീഡിയ കമ്മിറ്റി അംഗവുമായ ജമാൽ സഈദ് ബൂസിംചാൽ വ്യക്തമാക്കി. ഈ വർഷത്തെ ശക്തമായ പങ്കാളിത്തം മേളയുടെ സ്വാധീനത്തെയും പ്രാധാന്യത്തെയും പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.