ഡല്‍ഹി: ചരക്കുസേവന നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിനായി നല്‍കുന്ന ധനസഹായത്തിന്റെ എട്ടാം ആഴ്ചയിലെ ഗഡുവായ 6,000 കോടി രൂപ ധനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ 5,516.60 കോടി രൂപ 23 സംസ്ഥാനങ്ങള്‍ക്കും, 483.40 കോടി രൂപ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്‍ഹി, ജമ്മുകാശ്മീര്‍, പുതുച്ചേരി എന്നിവര്‍ക്കും ആണ് വിതരണം ചെയ്തത്. ചരക്ക് സേവന നികുതി സമിതി അംഗങ്ങളായ ഭരണകൂടങ്ങള്‍ക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ ചരക്ക് സേവന നികുതി വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നില്ല.
ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതിലൂടെ വരുമാനത്തില്‍ ഉണ്ടായ 1.10 ലക്ഷം കോടി രൂപയുടെ കുറവ് പരിഹരിക്കുന്നതിനായി 2020 ഒക്ടോബറിലാണ് ഭാരത സര്‍ക്കാര്‍ പ്രത്യേക കടമെടുപ്പ് സംവിധാനത്തിന് അവസരമൊരുക്കിയത്. ഇതുവരെ ഇതിനു കീഴില്‍ 7 തവണകളായി കടമെടുപ്പ് നടന്നുകഴിഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ എട്ടാം ഗഡു ആണ് ഈ ആഴ്ച വിതരണം ചെയ്തത്.











