ന്യൂഡൽഹി : നികുതിയും സാമ്പത്തിക മേഖലയും ഉൾപ്പെടെ 6 മേഖലകളിൽ വലിയ പരിഷ്കാരങ്ങൾക്കാണു ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ . കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ വികസന നേട്ടങ്ങളും ഭരണ പരിഷ്കാരങ്ങളും ലോകശ്രദ്ധ ആകർഷിച്ചെന്നും ബജറ്റ് അവതരിപ്പിക്കവേ നിർമല പറഞ്ഞു.‘‘പൂർണ ദാരിദ്ര്യ നിർമാർജനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ചെലവ് കുറഞ്ഞതും സമഗ്രവുമായ ആരോഗ്യ സംരക്ഷണം എന്നിവ വികസിത ഭാരതത്തിന് ആവശ്യമാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. 5 വർഷത്തിനുള്ളിൽ 6 മേഖലകളിൽ വലിയ പരിഷ്കാരങ്ങൾക്കാണു ലക്ഷ്യമിടുന്നത്. നികുതി, ഊർജം, നഗര വികസനം, ഖനനം, സാമ്പത്തിക രംഗം, റഗുലേറ്ററി പരിഷ്കാരങ്ങൾ എന്നിവയാണിത്. കൃഷിക്കാണു മുൻഗണന. ഇത്തരത്തിലുള്ള ശ്രദ്ധ നമ്മുടെ വളർച്ചാ സാധ്യതയും ആഗോളതലത്തിൽ മത്സരശേഷിയും വർധിപ്പിക്കും’’– നിർമല വ്യക്തമാക്കി
