അബുദാബി: റോഡപകടങ്ങള്‍ക്കിടയാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് . റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ ഡ്രൈവിംഗ് രീതിക്ക് എമിറേറ്റില്‍ വലിയ ശിക്ഷകള്‍ ലഭിക്കുമെന്ന് പോലീസ് ഓര്‍മ്മപ്പെടുത്തി.
റോഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ട് അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന ഒരു വീഡിയോ ദൃശ്യവും ഈ ബോധവത്കരണ അറിയിപ്പിന്റെ ഭാഗമായി പോലീസ് ട്വിറ്ററില്‍ പങ്ക് വെച്ചു.
സുരക്ഷാ കാമറകളില്‍ പതിഞ്ഞ ഈ ദൃശ്യത്തില്‍, ഒരു വാഹനത്തിലെ ഡ്രൈവര്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നതിനൊപ്പം, റോഡിലെ മറ്റ് വാഹനങ്ങളുടെ സുരക്ഷ അപായപ്പെടുത്തുന്നതും വ്യക്തമാകുന്നു. റോഡില്‍ അടിയന്തിര സ്വഭാവമുള്ള വാഹനങ്ങള്‍ക്ക് മാത്രമായി ഒഴിച്ചിട്ടിട്ടുള്ള വരിയിലൂടെ വാഹനം പിന്നോട്ടെടുക്കുന്നതും, തിരക്കേറിയ റോഡില്‍ മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ മൂന്ന് വരികള്‍ മറികടന്ന് പെട്ടന്ന് വെട്ടിച്ചെടുത്ത് പോകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
അപകടകരമായ ഡ്രൈവിംഗ് രീതികളും, നിയമലംഘനങ്ങളും ഈ ദൃശ്യത്തില്‍ പ്രകടമാണെന്നും, റോഡില്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത്, എല്ലാവരുടെയും സുരക്ഷയ്ക്ക്, ഓരോ ഡ്രൈവറുടെയും കടമയാണെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ഇത്തരം അപകടകരമായതും, ശ്രദ്ധയില്ലാത്തതുമായ ഡ്രൈവിംഗ് ശീലങ്ങള്‍ക്ക് എമിറേറ്റില്‍ 50000 ദിര്‍ഹം പിഴ ചുമത്തും.