റാസൽഖൈമ: അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഡ്രോൺ അവതരിപ്പിച്ച് റാക് പൊലീസ്. 40 കി.ഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ബോക്സ് കൂടി ഉൾപ്പെടുന്നതാണ് ആധുനിക ഫ്ലൈകാച്ചര്‍ -30 ഡ്രോണ്‍.
ഇത് വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ മുതൽക്കൂട്ടാകുമെന്ന് റാക് പൊലീസ് മേധാവി മേജർ ജനറൽ അലി അബ്ദുല്ല അൽവാൻ അൽ നുഐമി പറഞ്ഞു. ഡ്രോണിലെ ‘ഓട്ടോമേറ്റഡ് വിഞ്ച്’ സംവിധാനം ദുരന്ത -അപകട സ്ഥലങ്ങളിലും മലയോര മേഖലകളിലും രക്ഷാ പ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാൻ സഹായിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ സമുദ്ര മേഖലകളിൽ ഇടപെടാനും ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകുന്നതിനും ഡ്രോണിനൊപ്പം ഭാരം വഹിക്കാൻ കഴിയുന്ന ബോക്സ് സംവിധാനത്തിലൂടെ കഴിയും.
എല്ലാ ദിശകളിൽ നിന്നുമുള്ള ഫോട്ടോകളും വിഡിയോകളും എടുക്കുന്നതിനും ഈവന്റ് ഓപറേറ്റിങ് റൂമുമായി ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്ന നിരവധി പ്രഫഷനൽ കാമറകൾ വഹിക്കുന്നതാണ് അത്യാധുനിക ഡ്രോണെന്ന് അധികൃതർ വ്യക്തമാക്കി.