ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്. ഇന്നലെയാണ് 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ എസ്എസ്എല്‍സി പരീക്ഷയെഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറുപ്പില്‍ പറയുന്നു.
അതേസമയം, കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്കൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ 80 പേര്‍ ക്വാറന്‍റീനില്‍ പ്രവേശിക്കുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ ജൂണ്‍ 25 മുതല്‍ ജൂലൈ മൂന്ന് വരെയാണ് നടത്തിയത്. 7.06 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കോവിഡ് കാലത്ത് പരീക്ഷ എഴുതിയത്. 14,745 കുട്ടികള്‍ പരീക്ഷയ്ക്ക് ഹാജരായില്ല. കണ്ടെയ്ന്‍മെന്‍റ് സോണിലായതിനാലാണ് 3,911 പേര്‍ പരീക്ഷയ്‌ക്കെത്താതിരുന്നത്. അസുഖമായതിനാല്‍ 863 കുട്ടികള്‍ ഹാജരായില്ല. മാര്‍ച്ച് 27 നും ഏപ്രില്‍ ഒമ്പതിനും ഇടയ്ക്ക് നടത്താനിരുന്ന പരീക്ഷ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന്‍റെയും സര്‍ക്കാരിന്‍റെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പിന്നീട് പരീക്ഷ നടത്തിയത്.