ദുബായ് : നീണ്ട 31 വർഷത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന മലയാളി ജീവനക്കാരന് ദുബൈ എമിഗ്രേഷൻ വകുപ്പിന്റെ ആദരം.കൊല്ലം പള്ളിമുക്ക് സ്വദേശിയായ നെജീബ് ഹമീദിനെയാണ്- മൂന്ന് പതിറ്റാണ്ട് കടന്ന മികവുറ്റ സേവനത്തെ മാനിച്ചു കൊണ്ട് എമിഗ്രേഷൻ വകുപ്പ് അംഗീകാര പത്രം നൽകി ആദരിച്ചത്. ദുബൈ എമിഗ്രേഷൻ അസിസ്റ്റൻറ് ഡയറക്ടറും,ദുബൈ തൊഴിൽ കാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ മുഹൈർ സുറൂറിന്റെ ഓഫീസിലായിരുന്നു നെജീബ് ഹമീദ് ജോലി ചെയ്തു വന്നിരുന്നത്.യാത്രയയപ്പ് ചടങ്ങിൽ മേജർ ജനറൽ ഉബൈദ് ബിൻ മുഹൈർ സുറൂറാണ് അംഗീകാര പത്രം നൽകിയത്. ഹ്യൂമൻ റിസോഴ്സ് ആൻഡ് അക്കൗണ്ട് ഡയറക്ടർ മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനിം സയീദ് അൽവൈൻ, അമർ കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് മേധാവി മേജർ സാലിം ബിൻ അലി, ക്യാപറ്റൻ ആദിൽ, തുടങ്ങിയർ സാന്നിധ്യരായി
1988-ൽ അളിയൻ അയച്ച ഇലക്ട്രിക് സ്ഥാപനത്തിന്റെ വിസയിലാണ് ഈ പ്രവാസി ദുബൈയിൽ എത്തിയത്. ഒരു വർഷം ഇലക്ട്രിക് കടയിൽ ജോലി ചെയ്തു.അന്ന് ആ- സ്ഥാപനത്തിലെ കസ്റ്റമറായ എമിഗ്രേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ സലാം ബിൻ സുലൂമുമായുള്ള പരിചയം വഴിയാണ് നെജീബിന് എമിഗ്രേഷനിൽ ജോലി ലഭിക്കുന്നത്. അതിന് ശേഷം നീണ്ട 31 വർഷം വകുപ്പിന്റെ വിവിധ ഉന്നത മേധാവികൾക്കൊപ്പം ജോലി ചെയ്തു . അവരുടെയല്ലാം സഹായ സഹകരണം കൊണ്ട് വലിയ കുടുംബത്തെ കരകയറ്റാൻ ഈ പ്രവാസിയ്ക്ക് കഴിഞ്ഞു. ഇതിൽ നെജീബ് ഇന്നും നന്ദിയോടെ ഓർക്കുന്നത് കേണൽ ജാസിം അബ്ദുൽ ഗഫൂർ എന്ന ഓഫീസറെയാണ്. 17 വർഷകാലം അദ്ദേഹതിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചു . ഈ കാലയളവിൽ ഒരു സഹോദരനെ പോലെയാണ് ഈ മലയാളിയെ നോക്കി കണ്ടത്. എട്ടുപെങ്ങമ്മാർ അടങ്ങിയ കുടുംബത്തെ പോറ്റാനും, അവരെയെല്ലാം നല്ല രീതിയിൽ കെട്ടിച്ചയക്കാനും ഈ പ്രവാസിയ്ക്ക് സാധിച്ചത് ഈ ഉദ്യോഗസ്ഥന്റെ വലിയ സഹായവും, പിന്തുണ കൊണ്ടും മാത്രമാണെന്ന് നെജീബ് ഹമീദ് പറയുന്നു. ആ സ്നേഹം ബന്ധം ഇന്നും മലയാളി നിലനിർത്തി പോരുന്നുണ്ട്.ഇപ്പോഴത്തെ എമിഗ്രേഷന്റെ ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂറും നെജീബിന്റെ പ്രവാസ ജീവിതത്തിന് ഏറെ പച്ചപ്പ് നൽകിയ ഓഫീസറാണ്. ഇവരുടെ പിന്തുണ കൊണ്ട് എല്ലാം നിരവധി ബന്ധുക്കളെയും,മറ്റുള്ളവരെയും എമിഗ്രേഷനിൽ ജോലിയ്ക്ക് കയറ്റാൻ സാധിക്കുകയും ചെയ്തു
താമസ രേഖകൾ ഇല്ലാതെ ഏറെ പ്രയാസപ്പെട്ടിരുന്ന മലയാളികൾ അടക്കമുള്ളവർക്ക് നിരവധി പേർക്ക് വലിയ സഹായിയായിരുന്നു നെജീബ്. ദുബൈ എമിഗ്രേഷന്റെ മനുഷ്യത്വപരമായ സേവനങ്ങളിൽ നിന്ന് ഇത്തരം ആളുകൾക്ക് സഹായമെത്തിക്കാനും അവർക്ക് ആശ്വാസമേകാനും ഇദ്ദേഹത്തിന് കഴിഞ്ഞു. നിരവധി പേരുടെ പ്രശ്നങ്ങളാണ് ഇത്തരത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ
ശ്രദ്ധേയിൽപ്പെടുത്തി പരിഹാരം കാണാൻ കഴിഞ്ഞത്. ജീവകാരുണ്യ രംഗത്തു നാട്ടിലും മറുനാട്ടിലും വലിയ ഉപകാരിയാണ് ഈ പ്രവാസി. ശിഷ്‌ടകാലം മാതാപിതാക്കളെ നോക്കി കുടുംബത്തിന് ഒപ്പം കഴിയാനാണ് നെജീബ് ഹമീദ് ആഗ്രഹിക്കുന്നത് നസീമയാണ് ഭാര്യ.മൂന്ന് മക്കളുണ്ട്