ദോഹ ∙ 2036ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഖത്തർ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി ബിഡ് സമർപ്പിച്ചു. ഒളിമ്പിക്സും പാരാലിമ്പിക്സും സംഘടിപ്പിക്കാൻ താൽപര്യമുണ്ടെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) വ്യക്തമാക്കിയിട്ടുണ്ട്.
മത്സരങ്ങൾ നടത്താൻ ആവശ്യമായ സൗകര്യങ്ങളിൽ 95 ശതമാനവും നിലവിലുണ്ടെന്നും അവയെ 100 ശതമാനമായി വികസിപ്പിക്കാൻ കൃത്യമായ പദ്ധതി ഒരുക്കിയതായും QOC പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽതാനി പറഞ്ഞു.
2022ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളും 2024ലെ ഏഷ്യൻ കപ്പ് ഫുട്‌ബോളും വിജയകരമായി സംഘടിപ്പിച്ച അനുഭവവുമായി ഖത്തർ ഒളിമ്പിക്സിനായുള്ള ശ്രമം ശക്തമാക്കുകയാണ്.
പശ്ചിമേഷ്യയിലെ ആദ്യ ആതിഥേയത്വം ലക്ഷ്യമിട്ട് ഖത്തർ
ഒളിമ്പിക്സിന് ആതിഥേയത്വം ലഭിക്കുന്ന ആദ്യ പശ്ചിമേഷ്യൻ രാജ്യമാകുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യം. “ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികപ്രേമികൾക്ക് സുരക്ഷിതമായ കായികാനുഭവം നൽകാൻ ഖത്തറിന് കഴിയും” എന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി പറഞ്ഞു.
മറ്റ് രാജ്യങ്ങൾക്കും താൽപര്യം
ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി, ചിലി തുടങ്ങിയ രാജ്യങ്ങൾ ഇതിനായി ബിഡ് സമർപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഹങ്കറി, ഇറ്റലി, ജർമനി, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഏഷ്യൻ ഗെയിംസ് സൗകര്യങ്ങൾ ഒളിമ്പിക്സിലേക്കായി മാറ്റം
2030-ലെ ഏഷ്യൻ ഗെയിംസിന് ദോഹ വേദിയായതിനാൽ അതിനായുള്ള സൗകര്യങ്ങളെ അടിസ്ഥാനമാക്കി ഒളിമ്പിക്സിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ആഗോള കായിക രംഗത്ത് ഖത്തറിന്റെ നിലപാട് ഉറപ്പിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഖത്തർ പ്രതീക്ഷിക്കുന്നു.