ദുബൈ: 2024-25 വര്‍ഷത്തെ കേരള സിലബസ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ യു.എ.ഇയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം. 99.12 ശതമാനമാണ് വിജയം. വിവിധ എമിറേറ്റുകളിലായി 366 ആണ്‍കുട്ടികളും 315 പെണ്‍കുട്ടികളുമുള്‍പ്പെടെ 681 വിദ്യാര്‍ഥികളാണ് ഇക്കുറി യു.എ.ഇയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. അബൂദബി മോഡല്‍ സ്കൂള്‍, ഷാര്‍ജ മോഡല്‍ സ്കൂള്‍, ഫുജൈറ ഇന്ത്യന്‍ സ്കൂള്‍ തുടങ്ങിയവ നൂറുമേനി വിജയം വരിച്ചു. ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ 132 പേരില്‍ 131 പേരാണ് വിജയം വരിച്ചത്.
ഒമ്പത് പേര് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ 124 പേരില്‍ 119 പേര് വിജയിച്ചു. നാലുപേര്‍ക്കാണ് സമ്പൂര്‍ണ എ പ്ലസ്. അബൂദബി മോഡല്‍ സ്കൂളില്‍ 189 പേര് പരീക്ഷ എഴുതിയവരില്‍ എല്ലാവരും വിജയിച്ചു. 62 വിദ്യാര്‍ഥികള്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഷാര്‍ജ മോഡല്‍ സ്കൂള്‍ സമ്പൂര്‍ണ വിജയം നേടി. 50 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ആറുപേര്‍ സമ്പൂര്‍ണ എ പ്ലസ് നേടി. റാക് ന്യൂ ഇന്ത്യന്‍ ഹൈസ്കൂളില്‍ 59 പേരില്‍ 57 വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. ഒരു വിദ്യാര്‍ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഉമ്മുല്‍ഖുവൈന്‍ ഇംഗ്ലീഷ് സ്കൂളില്‍ 41 പേരില്‍ 40 പേര് വിജയം നേടി. ഫുജൈറ ഇന്ത്യന്‍ സ്കൂള്‍ നൂറു ശതമാനമാണ് വിജയം. 89 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 12 പേര് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
