റിയാദ് : ഈ വർഷം ‘ഒട്ടകങ്ങളുടെ വർഷ’മായി ആചരിക്കാൻ സൗദി സാംസ്കാരിക മന്ത്രാലയം നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സാംസ്കാരിക പൈതൃക പരിപാടികളും ഒട്ടകങ്ങളുടെ മഹത്വം ഉയർത്തിക്കാട്ടിയുള്ള കാമ്പയിനും സജീവമാകുന്നു. 2024നെ ഒട്ടകവർഷമായി പ്രഖ്യാപിച്ചതിന്റെ ആവേശം പ്രതിധ്വനിക്കുന്ന വിവിധ പരിപാടികളാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലും മന്ത്രാലയത്തിന് കീഴിലുള്ള ഫാഷൻ കമീഷന്റെ നേതൃത്വത്തിലും മറ്റും നടക്കുന്നത്.
സൗദിയിലെ ഒട്ടക വിശേഷവും ഒട്ടകയുൽപന്നങ്ങളിലൂടെ സാംസ്കാരിക മേഖലയിലുള്ള സ്ഥിതിവിവരക്കണക്കുകളും ഫാഷൻ കമീഷൻ കഴിഞ്ഞദിവസം പുറത്തുവിട്ടു. ഒട്ടകങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ സൗദി അഞ്ചാം സ്ഥാനത്താണ്. 20 ലക്ഷ ത്തിലധികം വിവിധയിനങ്ങളിൽപെട്ട ഒട്ടകങ്ങൾ നിലവിൽ സൗദിയിലുള്ളതായി കണക്കാക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. സമകാലിക സമൂഹത്തിൽ ഒട്ടകയുൽപന്നങ്ങളുടെ മൂല്യം സൗദി ഫാഷൻ കമീഷൻ ഉയർത്തിക്കാട്ടി.












