ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിെത്തിയ 20 പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മാത്രം 9 പേര്‍ക്കാണ് യു.കെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ആറ് പേര്‍ക്ക് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് 14 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് യു.കെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 20 ആയത്.
ഉത്തര്‍പ്രദേശിലെ മീററ്റിലെത്തിയ രണ്ട് വയസുകാരിയും യു.കെ കോവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കോവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
അതേസമയം കൊറോണ അതിതീവ്ര വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎഇ, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലും വൈറസ് കണ്ടെത്തി. ഇന്നലെയാണ് ഇന്ത്യയില്‍ വൈറസിന്റെ വകഭേദം സ്ഥിരീകരിക്കുന്നത്.