ജിദ്ദ : ഇക്കൊല്ലത്തെ ഹജ് കരാറിൽ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്-ഉംറ മന്ത്രി തൗഫിഖ് അൽ റബീഅയും ഒപ്പുവച്ചു. കഴിഞ്ഞ വർഷത്തേതു പോലെ 1,75,025 പേർക്കാണ് ഇത്തവണയും ഹജ്ജിന് അവസരം. തീർഥാടകർക്ക് മികച്ച സേവനം നൽകാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്ന് ഹജ് മന്ത്രി പറഞ്ഞു. ജിദ്ദ ഹജ് ടെർമിനൽ സന്ദർശിച്ച മന്ത്രി റിജിജു സൗകര്യങ്ങൾ വിലയിരുത്തി. സൗദി ഗതാഗത ലോജിസ്റ്റിക്സ് സർവീസ് മന്ത്രി സാലിഹ് അൽ ജാസറുമായും കൂടിക്കാഴ്ച നടത്തും.
തീർഥാടകരുടെ വിമാന, ട്രെയിൻ, ബസ് യാത്ര കാര്യങ്ങൾ ചർച്ച ചെയ്യും. മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ, മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.











