സോളാര്‍ പദ്ധതിക്കായി എമിറേറ്റ്‌സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനി (എവെക്) താല്‍പര്യപത്രം ക്ഷണിച്ചു
അബുദാബി : അല്‍ അജ്ബാനില്‍ ആരംഭിക്കുന്ന പുതിയ സൗരോര്‍ജ്ജ പദ്ധതിക്കായി എമിറേറ്റ്‌സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിക് കമ്പനി താല്‍പര്യപത്രം ക്ഷണിച്ചു.
അബുദാബിയില്‍ നടക്കുന്ന വേള്‍ഡ് യൂട്ടിലിറ്റി കോണ്‍ഗ്രസിലാണ് എവെക് അസറ്റ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍ഡി ബിഫെന്‍ പറഞ്ഞു.
2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം കൈവരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പുനരുത്പാദന ഊര്‍ജ്ജ പദ്ധതികള്‍ യുഎഇ നടപ്പിലാക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതികളില്‍ ഒന്നാകും അജ്ബാനില്‍ നിര്‍മിക്കുന്ന പ്ലാന്റ് .1500 മെഗാവാട്‌സ് ശേഷിയാണ് പ്ലാന്റിനുണ്ടാകുക.
എമിറേറ്റിലെ 1,60,000 വീടുകളിലേക്ക് ആവശ്യമുള്ള വൈദ്യുതിയാകും ഇവിടെ ഉത്പാദിപ്പിക്കുക. ഈ പദ്ധതി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ അബുദാബിയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം പ്രതിവര്‍ഷം 2.4 ദശലക്ഷം മെട്രിക് ടണ്‍ കുറവു വരും.
സോളാര്‍ മേഖലയില്‍ അബുദാബി നടത്തുന്ന നിക്ഷേപങ്ങളിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് നൂര്‍ അബുദാബിയും അല്‍ ദഫ്ര സോളാര്‍ പി വി യും വിജയകരമായി നടപ്പിലാക്കിയത്.
അല്‍ അജ്ബാനിലെ ഫോട്ടോവൊള്‍ടെയ്ക് പ്ലാന്റ് പൂര്‍ത്തിയാകുന്നതോടെ മൂന്നു വലിയ സോളാര്‍ പ്ലാന്റുകള്‍ യുഎഇക്ക് സ്വന്തമാകും.
പുതിയ സോളാര്‍ പ്ലാന്റിനായി താല്‍പര്യ പത്രം ഒപ്പിടുന്നവര്‍ക്ക് പദ്ധതിയുടെ നാല്‍പതു ശതമാനം ഉടമസ്ഥതാവകാശമാണ് ലഭിക്കുക. ബാക്കി അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലാകും. മെയ് 27 ന് മുമ്പാണ് കമ്പനികള്‍ താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ടത്.
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് അബുദാബിയിലെ സൗരോര്‍ജ്ജ പ്ലാന്റിന്റേത്. കിലോവാട്ട് അവറിന് 4.97 ഫില്‍സ് ( 1.35 യുഎസ് സെന്റ്‌സ്) ആണ് നിരക്ക്.












