അദ്ധ്യാപകരും ഇതര സ്റ്റാഫുകളും കോവിഡ് ബാധയില്‍. വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് രാജ്യത്താകമാനം 1500 വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്.
കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരാഴ്ച കാലത്ത് കുവൈത്തില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,500 വിദ്യാര്‍ത്ഥികള്‍ക്ക്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ നിന്ന് രോഗബാധിതരുടെ കണക്കെടുപ്പിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം അതിരൂക്ഷമായി ആഗോളതലത്തില്‍ തുടരുന്നതിനാല്‍ ശക്തമായ പ്രതിരോധ നടപടികളാണ് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങാന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നിഷേധിച്ചിട്ടുമുണ്ട്.
തിങ്കളാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 15,140 ആക്ടീവ് കേസുകളാണുള്ളത്. ഇതില്‍ 12 പേര്‍ അത്യാസന്ന നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്..
പ്രതിദിന കോവിഡ് കേസുകള്‍ മുവ്വായിരം കടന്നതോടെ കര്‍ശന നടപടികളാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. കുവൈത്ത് ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.













