ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിനം റിപോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനിടെ 48,661 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 13.85 ലക്ഷത്തിലെത്തി.
705 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 31,358 ആയി. നാലരലക്ഷം ആളുകള്‍ നിലവില്‍ ചികിത്സയിലുണ്ട്. 8,49,432 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മാത്രം 4,42,263 സാംപിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.
ജൂലൈ 23ന് ശേഷം പ്രതിദിനം 40,000 ത്തിലധികം കേസുകളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയാണ് മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം. 1.4 ലക്ഷം രോഗികളുള്ള സംസ്ഥാനത്ത് 13,132 പേരാണ് മരിച്ചത്. 53,132 കേസുകളും 3320 മരണങ്ങളുമായി തമിഴ്നാടാണ് രണ്ടാമതുള്ളത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും ശുഭസൂചനകളാണ് വരുന്നത്. നിലവില്‍ 14000 പേര്‍ മാത്രമാണ് ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. 1.10 ലക്ഷം ആളുകളാണ് രോഗമുക്തി നേടിയത്.
രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. ചില സംസ്ഥാനങ്ങള്‍ പൂര്‍ണമായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചില ഇടങ്ങളില്‍ കണ്ടെയന്‍മെന്റെ് മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ത്രിപുരയില്‍ മൂന്ന് ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.











