ജിദ്ദ : ജിദ്ദയിലെ ആദ്യത്തെ ഔദ്യോഗിക സ്‌കൂൾ ആയ അൽ ഫലാഹിന്റെ പുരാതന കെട്ടിടം മ്യൂസിയമാക്കാന്‍ ഒരുങ്ങി അധികൃതര്‍. സൗദി അറേബ്യയിലെ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ട സ്കൂളാണിത്.1905 ലാണ് അല്‍ ഫലാഹ് സ്‌കൂൾ നിർമിച്ചത്. ഉടൻ തന്നെ കെട്ടിടം സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുമെന്ന് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ അലി അല്‍ സുലൈമാനിയാണ് അറിയിച്ചത്. ജിദ്ദയുടെ ചരിത്രപരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പഴയതുൾപ്പെടെ 2 കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. 120 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണ് പൂര്‍ണമായും മ്യൂസിയമാക്കി മാറ്റുന്നത്. സാംസ്‌കാരിക ഇടം, പൈതൃക പശ്ചാത്തലത്തിലുള്ള കഫേ, സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ എന്നിവയാണ് പുതിയ മ്യൂസിയത്തിലുണ്ടാകുക. മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്ക് പ്രദേശത്തിന്റെയും സ്‌കൂളിന്റെയും ചരിത്രത്തെക്കുറിച്ച് അറിയാനുള്ള അവസരവുമുണ്ട്.
പ്രൈമറി മുതൽ ഇന്റര്‍മീഡിയറ്റ്, ഹൈ സ്‌കൂള്‍ പഠനം വരെയാണ് നിലവിൽ സ്കൂളിലുള്ളത്. ഓരോന്നിനും പ്രത്യേകമായ കളിസ്ഥലവുമുണ്ട്. യു ആകൃതിയിലുള്ള പഴയ കെട്ടിടം സ്‌കൂള്‍ കോംപ്ലക്‌സിന്റെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രൈമറി ക്ലാസുകളാണ് ഇവിടെ നടക്കുന്നത്. പഴയ രൂപത്തില്‍ തന്നെയാണ് ക്ലാസ്മുറികളുടെ ഘടന. വളരെ ചെറിയതാണ് ഓരോ ക്ലാസ്മുറികളും. മരം കൊണ്ടു നിര്‍മിതമായ തറ, സീലിങ്, വാതിലുകള്‍ എന്നിവയെല്ലാം അതേ പടി തന്നെ പുന:സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കാനായി പഴമ നിലനിര്‍ത്തിയാണ് പഴയ കെട്ടിടത്തിൽ പഠനം നടക്കുന്നത്. ഈ കെട്ടിടത്തിന്റെ മുകളിൽ പച്ച നിറത്തിലെ താഴികക്കുടവുമുണ്ട്.
ഭാഗികമായി ഓട്ടമാൻ തുര്‍ക്കി ഭരണത്തിന് കീഴിലായിരുന്ന സമയത്ത് ആധുനിക സൗദിയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഹിജാസിലാണ് സ്‌കൂള്‍ നിർമിച്ചത്. ദാരിദ്ര്യവും നിരക്ഷരതയും നിറഞ്ഞു നിന്നിരുന്ന കാലത്ത് 1905 ല്‍ സൗദി വ്യവസായി ആയിരുന്ന ഷെയ്ഖ് മുഹമ്മദ് അലി സൈനല്‍ അലിറെസയാണ് ആണ്‍കുട്ടികള്‍ക്കായി അല്‍ ഫലാഹ് എന്ന സ്‌കൂള്‍ നിര്‍മിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് കടന്നു പോയിരുന്നതെങ്കിലും മറ്റ് ബിസിനസ് കുടുംബങ്ങളുടെ സഹായത്തോടെ അദ്ദേഹം സ്‌കൂളിനായി നല്ലൊരു തുക ചെലവിട്ടു. പിന്നീട് ഒരിക്കല്‍ സൗദി ഭരണാധികാരി അബ്ദുല്ലസീസ് രാജാവ് സ്‌കൂള്‍ സന്ദര്‍ശിച്ചതോടെയാണ് സ്‌കൂളിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങിയത്. അല്‍ ഫലാഹ് സ്‌കൂളില്‍ നിന്നു പഠിച്ചിറങ്ങിയവരില്‍ സൗദിയുടെ മുന്‍ വാണിജ്യ മന്ത്രി അബ്ദുല്ല സെയില്‍, മുന്‍ പെട്രോളിയം-മിനറല്‍ റിസോഴ്‌സ് മന്ത്രി അഹമ്മദ് സാകി യമനി, മുന്‍ ഹജ്ജ് മന്ത്രി ഹാമിദ് ഹരസാനി തുടങ്ങി സൗദി ഭരണത്തിന്റെ മുന്‍നിരയില്‍ ഉന്നത പദവികൾ വഹിച്ചവർ വരെ ഉൾപ്പെടുന്നു.
