തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടത്തില്‍ കേരളത്തിന് വീണ്ടും അഭിമാന നിമിഷം. കോവിഡ് ബാധിച്ച് മലപ്പുറത്ത് ചികിത്സയിലായിരുന്ന 110 വയസുകാരി രോഗ മുക്തി നേടി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
സംസ്ഥാനത്ത് കോവിഡിനെ തോല്‍പിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവര്‍. പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നല്‍കി കോവിഡില്‍ നിന്ന് 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.
ഓഗസ്റ്റ് 18-നാണ് പാത്തുവിന് കോവിഡ് സ്ഥിരീകരിച്ചത്. മകളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പാത്തുവിന് നേരിയ രോഗലക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് സഹകരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കോവിഡില്‍ നിന്ന് മുക്തി നേടി പൂര്‍ണ ആരോഗ്യവതിയായി പാത്തു തിരിച്ചെത്തിയതിലെ സന്തോഷം കുടുംബാംഗങ്ങളും പങ്കുവച്ചു. പാത്തുവിനെ പരിചരിച്ച ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും അവര്‍ നന്ദി പറഞ്ഞു. ഇനി 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.