ഐ ഗോപിനാഥ്
ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ ഓര്‍മകള്‍ക്ക് പത്തുവയസായിരിക്കുന്നു. പതിവുപോലെ ഇക്കുറിയും സൗമ്യയെ സ്മരിക്കുന്നവര്‍ക്ക് പ്രധാനമായും പറയാനുള്ളത് പ്രതി ഗോവിന്ദച്ചാമിയെ തൂക്കികൊല്ലാത്തതിനെ കറിച്ചു മാത്രമാണ്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളോടൊപ്പം കേരളത്തിലും സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ അനുദിനം വര്‍ധിക്കുക തന്നെയാണ്. അവയെ ഫലപ്രദമായി തടയാനോ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷവാങ്ങികൊടുക്കാനോ കഴിയുന്നില്ല. അതിനുത്തരവാദിത്തമുള്ളവര്‍ തന്നെ പലപ്പോഴും പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങുന്നു. അതിനെ കുറിച്ചൊന്നും കാര്യമായ വേവലാതികള്‍ ”പ്രബുദ്ധ” കേരളത്തില്‍ കാണുന്നതേയില്ല. ഇപ്പോള്‍, സൗമ്യയുടെ ഓര്‍മ്മകള്‍ക്ക് 10 വയസാകുമ്പോള്‍ തന്നെയാണ്, പാലക്കാട് വാളയാറില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട സഹോദരിമാര്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം തുടരുന്നത്. ആ പോരാട്ടത്തില്‍ അണിനിരക്കുകയാണ് സൗമ്യയോട് നീതി പുലര്‍ത്താന്‍ ഇന്നു മനുഷ്യസ്‌നേഹികള്‍ ചെയ്യേണ്ടത്.
ഡല്‍ഹിയില്‍ നിര്‍ഭയ സംഭവത്തിനും കേരളത്തില്‍ സൗമ്യ സംഭവത്തിനും ശേഷം സ്ത്രീപീഡനങ്ങള്‍ക്കെതിരായ നിയമങ്ങള്‍ കര്‍ക്കശമാക്കിയെന്നാണ് വെപ്പ്. ഗാര്‍ഹിക പീഡനങ്ങള്‍ക്കും തൊഴില്‍ മേഖലയിലെ പീഡനങ്ങള്‍ക്കും കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ക്കും എതിരായ നിയമങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്. എന്നാല്‍ ഇവയെല്ലാം ഭംഗിയായി എഴുതിവെച്ചിട്ടുണ്ടെങ്കിലും കൃത്യമായി നടപ്പാക്കപ്പെടുന്നില്ല എന്നത് വ്യക്തം. ഈ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ മിക്കവയും കുടുംബപരവും തൊഴില്‍പരവും വൈകാരികവുമായി പല പ്രശ്‌നങ്ങളും ഉന്നയിച്ച് അട്ടിമറിക്കപ്പെടുന്നു.
ഇരകള്‍ തന്നെ പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി നിയമത്തിന്റെ വഴിയിലെത്തുന്നില്ല, എത്തിയാല്‍ തന്നെ പിന്നീട് പിന്മാറുന്നു. അപൂര്‍വ്വം ചിലരാണ് നീതിനേടുംവരെ പോരാടുന്നത്. അത്തരമൊരു പോരാട്ടമാണ് വാളയാറില്‍ നടക്കുന്നത്. കേസ് അട്ടിമറിച്ച സോജനും ചാക്കോയും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരേയും ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം പത്താം ദിവസം കടന്നിരിക്കുന്നു. തന്റെ മക്കളെ പറ്റി തോന്ന്യാസം പറഞ്ഞ, കേസ് അട്ടിമറിച്ച സോജനും ചാക്കോയും അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരുടേയും തലയില്‍ തൊപ്പിയുള്ള കാലം വരെ, അവരെ ക്രിമിനല്‍ കേസെടുത്ത് ശിക്ഷിക്കും വരെ തന്റെ തലയില്‍ മുടി ഉണ്ടാകില്ല, മുണ്ഡനം ചെയ്ത ശിരസുമായി തന്റെ സങ്കടം ജനങ്ങളോടു പറയാനിറങ്ങുമെന്നാണ് അവരുടെ പ്രഖ്യാപനം.
കുട്ടികളുടെ സുരക്ഷക്ക് ഏറ്റവും ശക്തമായ നിയമമെന്നു വിശേഷിക്കപ്പെടുന്ന പോക്‌സോ നിയമം തന്നെയാണ് വാളയാറില്‍ അട്ടിമറിക്കപ്പെടുന്നത്. അതും നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായവരുടെ മുന്‍കൈയില്‍. ജിഷ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം പൂര്‍ണമായും മുക്തമാകുന്നതിനു മുമ്പാണ് പാലക്കാട് ജില്ലയില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികളെ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 2018 ജനുവരി 13നായിരുന്നു മൂത്ത കുട്ടി മരിച്ചത്. രണ്ടാമത്തെ കുട്ടി മാര്‍ച്ച് 4നും. 11, 9 വയസുള്ള കുട്ടികളാണ് മരിച്ചത്. പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മതന്നെ മൊഴി നല്‍കിയിരുന്നു. ബന്ധുവാണ് ഒരു വര്‍ഷം മുമ്പ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീടും ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നു. ഇയാളെ നിരവധി തവണ താക്കീത് ചെയ്തിരുന്നെന്നും അമ്മ പറയുന്നു.
സംഭവത്തില്‍ പ്രതികളായ ബന്ധു ഉള്‍പ്പടെയുളള 4 പേര്‍ പോലീസ് പിടിയിലായിരുന്നു. എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊന്നു കെട്ടിതൂക്കിയതാണെന്നുമാരോപിച്ച് വിവിധ ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങി. എട്ടടി ഉയരത്തിലാണ് വീടിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത്. കട്ടിലില്‍ കയറി നിന്നാല്‍ പോലും കയ്യെത്താത്ത ഉയരത്തിലാണ് ഇത്. ആദ്യ പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നും രണ്ടാമത്തേതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു പോലീസ് നിലപാട്. എന്നാല്‍ കൊലപാതകം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ലത്രെ.
അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് വാളയാര്‍ എസ്.ഐ പി.സി ചാക്കോ സസ്‌പെന്റ് ചെയ്യപ്പെട്ടു. പിന്നീട് പോലീസ് ചോദ്യം ചെയ്ത അയല്‍വാസിയായ പ്രവീണിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് തവണ തന്നെ പൊലീസ് ചോദ്യം ചെയ്തെന്നും നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നുമായിരുന്നു ഇയാളുടെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.
എന്തായാലും ഈ സംഭവത്തിനുശേഷം നിരവധി സംഘടനകളുടെ പ്രവര്‍ത്തകര്‍ വാളയാറിലെത്തി പല രീതിയിലുള്ള പ്രക്ഷോഭങ്ങളും നടത്തി. വി എസ് അച്യുതാനന്ദനടക്കം നിരവധി നേതാക്കളും പെണ്‍കുട്ടികളുടെ വീട്ടിലെത്തി. ജനകീയ അന്വേഷണ കമ്മീഷന്‍ വാളയാറില്‍ മരണപ്പെട്ട കുട്ടികളുടെ വീട് സന്ദര്‍ശിച്ചു തെളിവെടുത്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ (നിരോധന) നിയമങ്ങള്‍ കാര്യക്ഷമമാക്കുക, പോലീസ് ഭരണകൂട ദളിത് ആദിവാസി പീഡനം അവസാനിപ്പിക്കുക, പോലീസിനെ ജനാധിപത്യവല്‍ക്കരിക്കുക, വാളയാറിലെ ദളിത് കുട്ടികളുടെ മരണത്തിന്ന് ഉത്തരവാദികളായവരെ ശിക്ഷിക്കുക. അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച സംഭവങ്ങളാണ് പിന്നീടുണ്ടായത്. കേസ് തെളിയിക്കാനായില്ലെന്നു ചൂണ്ടികാട്ടി പ്രതികളെ വെറുതെ വിടുകയാണ് കോടതി ചെയ്തത്. സത്യത്തില്‍ പ്രതികള്‍ക്ക് വേണ്ടി കേസ് അട്ടിമറിക്കുന്നതില്‍ പോലീസും, പ്രോസിക്യൂഷനും, ഒരു പരിധി വരെ കോടതിയും പങ്കുവഹിക്കുകയായിരുന്നു. കുറ്റവാളികള്‍ കണ്‍മുന്നില്‍ തന്നെയുണ്ടായിട്ടും കൊലക്കുറ്റം ചുമത്തിയില്ല. കേവലം ഒരു മീറ്ററിലധികം മാത്രം പൊക്കമുള്ള 9 വയസുകാരി ബാലിക അതിന്റെ എത്രയോ കൂടുതല്‍ ഉയരത്തിലുള്ള ഉത്തരത്തില്‍ തൂങ്ങി മരിക്കാന്‍ പ്രേരിപ്പിച്ചു എന്നതാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം. കൊലക്കുറ്റത്തിന് പകരം (302ാം വകുപ്പ്) ആത്മഹത്യപ്രേരണ (305) ചുമത്തി അന്വേഷണം വഴിതിരിച്ചുവിട്ടാണ് കുറ്റപത്രമുണ്ടാക്കിയത്.
മതിയായ തെളിവുകള്‍ ഹാജരാക്കാതെ ബലാല്‍സംഗവും (376ാം വകുപ്പ്) കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമവുമായി ബന്ധപ്പെട്ട ചില വകുപ്പുകളും ഉള്‍പ്പെടുത്തി. കൊലപാതകത്തിനുള്ള വകുപ്പ് ഒഴിവാക്കിയതുപോലെ, മറ്റ് വകുപ്പുകളിലൊന്നും മതിയായ തെളിവുകള്‍ ഹാജരാക്കിയില്ല. CWC ചെയര്‍മാന്‍ തന്നെ പ്രതിക്കായി ഹാജരായി. കൊല്ലപ്പെട്ട 9 വയസ്സുകാരി ബാലികയ്ക്ക് തൂങ്ങിമരിക്കാനുള്ള ഉയരമില്ല എന്ന പ്രതി ഭാഗത്തിന്റെ വാദം കൂടി കണക്കിലെടുത്താണ് ആത്മഹത്യാ പ്രേരണ (305) കോടതി തള്ളിയത്. പ്രോസിക്യൂഷനും, പ്രതിഭാഗവും, കോടതിയും പരസ്പരം കണ്ണിറുക്കി മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ത്തു.
വാസ്തവത്തില്‍ വാളയാറിലെ ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടപ്പോള്‍ ഉണരാതിരുന്ന കേരള മനസാക്ഷി അല്‍പ്പമെങ്കിലും പ്രതികരിക്കാന്‍ ശ്രമിച്ചത് കോടതിവിധി പുറത്തുവന്ന ശേഷമായിരുന്നു. തുടര്‍ന്ന് വാളയാറിലേക്ക് സമര പ്രവാഹങ്ങളായിരുന്നു. പാലക്കാട് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടന്നു. യുഡിഎഫ് ജില്ലാ ഹര്‍ത്താലും നടത്തി. സംസ്ഥാനമുടനീളം പ്രകടനങ്ങള്‍ നടന്നു. എന്നാല്‍ കോടതിയുടെ വാദം ആവര്‍ത്തിക്കുകയായിരുന്നു ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആദ്യം ചെയ്തത്. സമരങ്ങളും സമ്മര്‍ദ്ദങ്ങളും ശക്തമായപ്പോള്‍ വ്യാജമായി കെട്ടിച്ചമച്ച കുറ്റപത്രം തള്ളി, കൊലക്കുറ്റം ചുമത്തുന്ന പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം തള്ളി, ജുഡീഷ്യല്‍ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിലായിരുന്നു കുട്ടികളുടെ കുടുംബവും വിവിധ ദളിത് – സ്ത്രീസംഘടനകളും. അതിന്റെ ഭാഗമായി പ്രക്ഷോഭം തുടര്‍ന്നു.
എം.ഗീതാനന്ദന്റേയും സലീനാ പ്രക്കാനത്തിന്റേയും സണ്ണി കപിക്കാടിന്റേയും സി.എസ്. മുരളിയുടേയും സി.ജെ. തങ്കച്ചന്റേയും മറ്റും നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ 2019 നവംബര്‍ 16ന് നീതിക്കായി പൊരുതുന്ന കുടുംബത്തിനുള്ള ഐക്യദാര്‍ഢ്യമായി നീതിക്ക് വേണ്ടി ജനാധിപത്യ കേരളം എന്ന പേരില്‍ വാളയാറിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് 2020 ജനുവരി മൂന്നാം തിയതി നിയമസഭയിലേക്ക് മാര്‍ച്ചും നടത്തി. കൊലയാളികളായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം റജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐക്ക് വിടുക, കേസ് അട്ടിമറിച്ച ഡി.വൈ. എസ്.പി. സോജനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രൊഫ കുസുമം ജോസഫിന്റെ നേതൃത്വത്തില്‍ ജനുവരി നാലു മുതല്‍ ഇരുപത്തിരണ്ടുവരെ എറണാകുളത്തുനിന്ന് തിരുവനന്തപുരം വരെ ജനങ്ങളുമായി സംവദിച്ച് പദയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തി.
ഇത്രയൊക്കെയായിട്ടും കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് പ്രമോഷന്‍ നല്‍കുകയാണ് കോവിഡ് കാലത്ത് സര്‍ക്കാര്‍ ചെയ്തത്. എം.ജെ സോജനെ എസ്.പിയാക്കുകയും ഐപിഎസിനു ശുപാര്‍ശ ചെയ്യുകയും ചെയ്ത നടപടി പിന്‍വലിക്കാനാവശ്യപ്പെട്ട് 2020 സെപ്തംബര്‍ 13ന് മകളുടെ ജന്മദിനത്തില്‍ മാതാപിതാക്കള്‍ എറണാകുളം കച്ചേരിപ്പടി ഗാന്ധിപ്രതിമക്കുമുന്നില്‍ ഉപവസിച്ചു. തുടര്‍ന്ന് അംബേദ്കര്‍ പ്രതിക്കുമന്നില്‍ പുഷ്പഹാരമര്‍പ്പിച്ച് തിരുവനന്തപുരത്ത് ഉപവസിച്ചു. അതിനുശേഷം 2020 ഒക്‌ടോബര്‍ അവസാനവാരം മുഴുവന്‍ സ്വന്തം വീടിനുമുന്നില്‍ ഉപവാസസമരം നടത്തി. സമരത്തെ പിന്തുണച്ച് നിരവധി സാമൂഹ്യപ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും അവിടെയെത്തി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. ഇതെല്ലാം കഴിഞ്ഞിട്ടും എന്തിനാണ് സമരമെന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു നിയമമന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. അത് ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടികളുടെ മാതാവടക്കം നിരവധി പേര്‍ വാളയാറില്‍ നിന്ന് അദ്ദേഹത്തിന്റെ വസതിയിലേക്ക് കാല്‍നടയായി എത്തി.
വര്‍ദ്ധിച്ചു വരുന്ന ലൈംഗിക പീഡനങ്ങള്‍ക്കും ദളിത്, ആദിവാസി, മുസ്ലിം ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമങ്ങള്‍ക്കുമെതിരെ സ്ത്രീ, സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ 2020 കേരളപിറവിയില്‍ കേരളമാകെ കത്തിച്ച ഒരു ലക്ഷം പ്രതിഷേധ ജ്വാലയില്‍ ഉന്നയിക്കപ്പെട്ട പ്രധാന വിഷയം വാളയാറിലെ നീതിനിഷേധമായിരുന്നു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ പെണ്‍കുട്ടികളുടെ വാര്‍ഡില്‍ ചരിത്രത്തിലാദ്യമായി ഇടതു പക്ഷത്തിനേറ്റ പരാജയത്തിന് പ്രധാനകാരണം ഈ കേസാണെന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നു.
എന്തായാലും അവസാനം പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും പുനര്‍വിചാരണക്ക് ഉത്തരവിടുകയും ചെയ്തു. പോക്‌സോ കോടതികളിലെ ജഡ്ജിമാര്‍ക്കും പോലീസ് സേനക്കും പ്രൊസിക്യൂട്ടര്‍മാര്‍ക്കുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. തുടര്‍ന്ന് കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാരിനും തയ്യാറാകേണ്ടിവന്നു. അപ്പോഴും കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. അതാവശ്യപ്പെട്ടാണ് ഇപ്പോള്‍ സമരം നടക്കുന്നത്. സമരത്തില്‍ പങ്കെടുത്ത് കഴിഞ്ഞ ദിവസം ഉപവസിച്ചത് മൂന്നാര്‍ സമരനായിക ഗോമതിയാണ്. നീതിക്കായും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമായി നടക്കുന്ന ഈ ചരിത്രപോരാട്ടത്തോട് ഐക്യപ്പെടാനാണ് ഈ സൗമ്യ ഓര്‍മ്മദിനത്തില്‍ ഓരോ മലയാളിയും തയ്യാറാകേണ്ടത്.