ലക്‌നൗ: നാളെ അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കാനിരിക്കെ ഒരു പൂജാരിയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയിലെ ശിലാസ്ഥാപന സ്ഥലത്ത് പൂജ നടത്തുന്ന പൂജാരിമാരിലൊരാളായ പ്രേംകുമാര്‍ തിവാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് ക്വാറന്റൈനില്‍ പ്രവേശിച്ചു.
ഭൂമിപൂജ നടക്കാനിരിക്കെ ഒരു പൂജാരിയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെ 50 വിഐപി കളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്. പ്രേംകുമാര്‍ തിവാരിയ്ക്ക് കൂടി കോവിഡ് പോസിറ്റീവായതോടെ രാമക്ഷേത്രത്തില്‍ സ്ഥിരമായി പൂജ ചെയ്തിരുന്ന പൂജാരിമാര്‍ ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിത്യപൂജ ചെയ്തിരുന്ന പൂജാരിമാരെല്ലാം ക്ഷേത്രവളപ്പിനകത്ത് തന്നെയാണ് താമസിച്ചിരുന്നത്. നേരത്തെ ഒരു പൂജാരിയ്ക്കും 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതിനാല്‍ തന്നെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അയോധ്യില്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. പൂജാരിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സുരക്ഷയെ മുന്‍നിര്‍ത്തി മുക്യ പൂജാരിയുള്‍പ്പടെ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. നിലവില്‍ ചടങ്ങ് മാറ്റി വെയക്കേണ്ട സാഹചര്യമില്ലെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങ് നടത്തുമെന്ന് ചുമതലയുളള ജില്ലാ അധികൃതര്‍ പറഞ്ഞു. അതേസമയം ചടങ്ങിനു വേണ്ടിയുളള എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അപകട സാധ്യതകളുണ്ടെന്ന് കരുതുന്നില്ലെന്ന് ചടങ്ങുകളുടെ ചുമതലയുളള അധികൃതര്‍ വ്യക്തമാക്കി.


















