1991 ലെ ഗള്‍ഫ് യുദ്ധകാലത്ത് യുഎസ്സില്‍ നിന്നും കുവൈറ്റ് വാങ്ങിയ 33 ബോയിംഗ് എഫ്/ എ -18 ഹോര്‍നെറ്റ് യുദ്ധ വിമാനങ്ങള്‍ മലേഷ്യന്‍ റോയല്‍ എയര്‍ഫോഴ്‌സ് വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കുവൈറ്റആര്‍മി അറിയിച്ചു.
കുവൈറ്റ് സിറ്റി : കുവൈറ്റ് വ്യോമസേനയുടെ ഭാഗമായ ബോയിംഗ് എഫ്/ എ- 18 ഹോര്‍നെറ്റ് യുദ്ധവിമാനങ്ങള്‍ മലേഷ്യന്‍ റോയല്‍ എയര്‍ഫോഴ്‌സ് വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് ആര്‍മി ട്വീറ്റ് ചെയ്തു.
ഗള്‍ഫ് യുദ്ധകാലത്ത് യുഎസില്‍ നിന്നും വാങ്ങിയ 33 യുദ്ധവിമാനങ്ങള്‍ ഒഴിവാക്കാന്‍ കുവൈറ്റ് ആഗ്രഹിക്കുന്നുവെന്നും ഇവ മലേഷ്യ വാങ്ങുമെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മലേഷ്യന്‍ പാര്‍ലമെന്റില്‍ പ്രതിരോധ സഹമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരമെന്ന നിലയില്‍ കുവൈറ്റ് യുദ്ധവിമാനങ്ങള്‍ വാങ്ങിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അറിയിച്ചിരുന്നു.
എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും യുഎസ് അനുമതിയോടു കൂടി മാത്രമേ ഇത്തരത്തിലുള്ള ഏതെങ്കിലും ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളുവെന്നും കുവൈറ്റ് ആര്‍മി ട്വീറ്റിലൂടെ അറിയിച്ചു.
تنفي رئاسة الأركان العامة للجيش الأنباء التي تم تداولها مؤخراً عبر وسائل الإعلام ومواقع التواصل الاجتماعي بشأن تفاوض سلاح الطيران الملكي الماليزي مع وزارة الدفاع الكويتية لشراء 33 طائرة حربية مقاتلة مستعملة من طراز FA18 هورنت تملكها القوة الجوية الكويتية. pic.twitter.com/RBxVPXmtSx
— KUWAIT ARMY – الجيش الكويتي (@KuwaitArmyGHQ) December 23, 2021
കുവൈറ്റിന്റെ ഹോര്‍നെറ്റ് യുദ്ധവിമാനങ്ങള്‍ ഇപ്പോഴും നല്ലനിലയിലാണെന്നും ഇത് മലേഷ്യന്‍ വ്യോമസേനയുടെ ഭാഗമാക്കുന്നതിനുള്ള ശ്രമം നടക്കുന്നുവെന്നും പ്രതിരോധ സഹമന്ത്രി ഇക്മല്‍ ഹിഷാ അബ്ദുള്‍ അസീസ് പറഞ്ഞിരുന്നു.
28 യൂറോഫൈറ്റര്‍ ടൈഫൂണ്‍, അത്രയും തന്നെ എഫ് /എ -18 ഇ/ എഫ് സൂപ്പര്‍ ഹോര്‍നെറ്റ് ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങിക്കുന്നതിന് കുവൈറ്റ് തയ്യാറെടുക്കുകയാണ്. ഗള്‍ഫ് യുദ്ധകാലത്ത് വാങ്ങിയ യുദ്ധവിമാനങ്ങള്‍ ഒഴിവാക്കി പുതിയ തലമുറ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തുകയാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്.












