കെ.പി. സേതുനാഥ്
ഹരോള്‍ഡ് ഇവാന്‍സ് ഇന്നലെ ന്യൂയോര്‍ക്കില്‍ മരണമടഞ്ഞു. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലും, എഴുത്തിലും, പുസ്‌തക പ്രസിദ്ധീകരണത്തിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും, ഈ നൂറ്റാണ്ടിലും നിറഞ്ഞു നിന്ന അസാധാരണമായ വ്യക്തിത്വമാണ് ഈ ലോകം വിട്ടു പിരിഞ്ഞത്. മരണമടയുമ്പോള്‍ അദ്ദേഹത്തിന് 92-വയസ്സായിരുന്നു. ‘ഗുഡ് ടൈംസ് ബാഡ് ടൈംസ്’ എന്ന കൃതിയാണ് ഇവാന്‍സിനെ ലോക ശ്രദ്ധയിലെത്തിച്ചത്. ബ്രിട്ടനിലെ വിഖ്യാത പത്രങ്ങളായ സണ്‍ഡേ െൈടസിലും, ദ ടൈംസിലും പത്രാധിപരായിരുന്ന കാലത്തെ അനുഭവങ്ങളും, ടൈംസിന്റെ പുതിയ മുതലാളിയായ റ്യൂപേര്‍ട് മര്‍ഡോക്കും അന്നത്തെ ബ്രട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായി 1982-ല്‍ ഇവാന്‍സ് പുറത്താവുന്നതും വിവരിക്കുന്ന ഗ്രന്ഥമാണ് ഗുഡ് ടൈംസ് ബാഡ് ടൈംസ്. 1983-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്‌്‌തകം 1987-ലാണ് എന്റെ കണ്ണില്‍പ്പെടുന്നത്. 500-ലധികം പേജുകള്‍ ഉണ്ടെങ്കിലും ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തമായ ആഖ്യാനമാണ് കൃതിയുടെ പ്രത്യേകത. അന്വേഷണാത്മക പത്രപ്രവര്‍ത്തനം, പത്രപ്രവര്‍ത്തകനും, പത്ര മുതലാളിയും തമ്മിലുള്ള ബന്ധം, രാഷ്ട്രീയ-സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, മര്‍ഡോക്കിനെപ്പോലുള്ള മുതലാളിമാരും, താച്ചറിനെ പോലുള്ള നേതാക്കളും കടന്നുവന്നതോടെ മാധ്യമ മേഖലയില്‍ സംഭവിച്ച മാറ്റം തുടങ്ങിയ ഒരുപിടി വിഷയങ്ങളുടെ അസാധാരണമായ വിവരണങ്ങള്‍ പത്രപ്രവര്‍ത്തനം ചരിത്രത്തിന്റെ ആദ്യ കരടു പതിപ്പാണെന്ന വീക്ഷണത്തെ ഉറപ്പിക്കുന്നതായിരുന്നു. ഡിസി-10 വിമാനങ്ങളുടെ തകര്‍ന്നു വീഴല്‍, കിം ഫില്‍ബി എന്ന കെജിബി ചാരന്‍ ഒരേസമയം അമേരിക്കന്‍-ബ്രട്ടീഷ് ചാരസംഘടനകളെ കബളിപ്പിച്ച ചരിത്രം, താലിഡോമൈഡ് ഗുളിക വരുത്തിവെച്ച ആപത്തുകള്‍ എന്നിവ ഇവാന്‍സ് പത്രാധിപത്യത്തില്‍ സണ്‍ഡേ ടൈംസ് പുറത്തു കൊണ്ടു വന്ന ലോകത്തെ പിടിച്ചു കുലുക്കിയ അന്വേഷണാത്മക റിപോര്‍ടുകളാണ്. ‘ഇന്‍സൈറ്റ’് എന്ന പേരില്‍ ഒരു പ്രത്യേക ടീം ആയിരുന്നു ഇത്തരത്തിലുള്ള വിശദമായ അന്വേഷണാത്മക റിപോര്‍ടുകള്‍ തയ്യാറാക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. വസ്‌തുതകളുടെയും, തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കി പ്രസിദ്ധീകരിച്ച ഈ റിപോര്‍ടുകള്‍ പൊതുതാല്‍പര്യ പത്രപ്രവര്‍ത്തനത്തിലും, മാധ്യമ സ്വാതന്ത്യത്തെക്കുറിച്ചുള്ള ധാരണകളിലും വരുത്തിയ മാറ്റങ്ങളുടെ പ്രസക്തി ഇപ്പോഴും മാര്‍ഗരേഖയായി നിലനില്‍ക്കുന്നു.
മക്‌്‌ഡൊണല്‍ ഡഗ്ലസ്സ് എന്ന അമേരിക്കന്‍ യുദ്ധ-യാത്ര വിമാനനിര്‍മാണ കമ്പനി യാത്രവിമാനങ്ങളുടെ നിര്‍മാണ മേഖലയില്‍ നിന്നും ഒഴിഞ്ഞു പോവുന്നതിനുളള ഒരു കാരണം അവരുടെ ഡിസി-10 വിമാനങ്ങള്‍ ആകാശത്തു വച്ച് തകരുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്തുന്ന സണ്‍ഡേ ടൈംസിന്റെ റിപോര്‍ടുകളായിരുന്നു. 1974- മാര്‍ച്ച് 3-നായിരുന്നു അതിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം. ഫ്രാന്‍സിലെ ഒര്‍ലി വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട തുര്‍ക്കി എയര്‍ലൈന്‍സിന്റെ ഡിസി-10 വിമാനം ടേക്‌്‌ഓഫ് കഴിഞ്ഞ് 10 നിമിഷങ്ങള്‍ക്കുള്ളില്‍ പാരീസിന്റെ പ്രാന്തപ്രദേശത്തു തകര്‍ന്നു വീണു. യാത്രക്കാരും, വിമാന ജീവനക്കാരുമായി 346-പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിമാന നിര്‍മാണ കമ്പനിയുടെ കള്ളത്തരമാണ് ഈ ദുരന്തത്തിന് കാരണമെന്ന് സണ്‍ഡേ ടൈംസ് കണ്ടെത്തി. രണ്ടുവര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിലാണ് മക്‌ഡൊണല്‍ ഡഗ്ലസ്സ് മറച്ചുവയ്‌ക്കാന്‍ ശ്രമിച്ച കള്ളത്തരം പുറത്തുകൊണ്ടുവരുന്നതില്‍ പത്രം വിജയിച്ചത്. ഇവാന്‍സ് അതിനെപ്പറ്റി നല്‍കുന്ന വിവരണം പത്രപ്രവര്‍ത്തകരും, അല്ലാത്തവരും ഒരുപോലെ വായിച്ചിരിക്കേണ്ടതാണ്. ബ്രാന്‍ഡ് ഇമേജും, മൂല്യവും നിലനിര്‍ത്തുന്നതിനുവേണ്ടി ഗുണമേന്മയുടെ കാര്യത്തില്‍ വന്‍കിട കോര്‍പറേറ്റുകള്‍ ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാവില്ല എന്നുള്ള അലസധാരണകളുടെ അസ്ഥിവാരം ഇളക്കുന്നതായിരുന്നു പത്രത്തിന്റെ കണ്ടെത്തല്‍. ഡിസി-10 വിമാനങ്ങളുടെ കാര്‍ഗോ ചേംബറിന്റെ വാതില്‍ വേണ്ടനിലയില്‍ ശരിക്കും അടയാത്തതായിരുന്നു വിമാനം ഒരു നിശ്ചിത ഉയരത്തില്‍ എത്തുമ്പോള്‍ സംവിക്കുന്നു അപകടത്തിന്റെ കാരണം. സാങ്കേതികമായി ഈ പിഴവ് 1972-ല്‍ തന്നെ കണ്ടെത്തയിരുന്നു. ഈ സാങ്കേതികത്തകരാര്‍ പരിഹരിക്കാത്ത പക്ഷം യാത്രക്കാരുടെ ജീവന്‍ അപകടത്തിലാവുമെന്നു വ്യോമയാന വിദ്‌ഗധരും, സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ ചുമതലപ്പെട്ട ഔദ്യോഗിക ഏജന്‍സികളും കമ്പനിക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. കാനഡയിലെ ഒന്‍ടാരിയോവിനടത്ത് വിന്‍ഡ്‌സറില്‍ 1972-ജൂണ്‍ 12-ന് ഡിസി-10 വിമാനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ സാങ്കേതിക പ്രശ്‌നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ എത്തുന്നത്. വിമാനം ഒരു നിശ്ചിത ഉയരത്തിലെത്തുമ്പോള്‍ അനുഭവപ്പെടുന്ന അന്തരീക്ഷമര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ താങ്ങാനാവാതെ കാര്‍ഗോ ചേംബറിന്റെ വാതില്‍ തുറന്നു പോകുന്നതായിരുന്നു ഈ സാങ്കേതിക പ്രശ്‌നം. കാര്‍ഗോ ചേംബറിന്റെ വാതിലിന് ശരിയായ നിലയില്‍ പൂട്ടു വീണില്ലെങ്കിലും, പൂട്ടു വീണെന്നു കാണിക്കുന്ന പിഴവും ഉണ്ടായിരുന്നു. വിന്‍ഡ്‌സറില്‍ 10,000 അടിക്കു മുകളില്‍ എത്തിയപ്പോള്‍ ആയിരുന്നു പൈലറ്റ് ഈ പ്രശ്‌നം അഭിമുഖീകരിച്ചത്. 67-യാത്രക്കാരുണ്ടായിരുന്ന വിമാനം ആര്‍ക്കും ആപത്തൊന്നുമില്ലാത്ത വിധം നിലത്തിറക്കുവാന്‍ പൈലറ്റിനു കഴിഞ്ഞുവെങ്കിലും വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നം ഗുരുതരമാണെന്നു വ്യക്തമായിരുന്നു. പ്രശ്‌നം വ്യക്തമായി പരിഹരിക്കുന്നതിനു പകരം താല്‍ക്കാലികമായ ചില സൂത്രപ്പണികള്‍ നടത്തി യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവയ്‌ക്കുകയാണ് കമ്പനി നടത്തിയത്. കമ്പനിയുടെ ഈ നടപടിയാണ് 346-പേരുടെ ജീവനെടുത്ത അപകടത്തിന്റെ കാരണം. ഈ അന്വേഷണത്തിനു വേണ്ടി ഇവാന്‍സിന്റെ സഹപ്രവര്‍ത്തകര്‍ നടത്തിയ ശ്രമത്തിന്റെ ഒരു സാംപിള്‍ ഉദാഹരണായി ചൂണ്ടിക്കാണിക്കാം. അപകടത്തില്‍ പെ്‌ട്ടവരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസ്സ് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കോടതിയിലായിരുന്നു. കേസ്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം എന്ന വ്യവസ്ഥയില്‍ ഇത്തരം കേസ്സുകള്‍ ഒത്തുതീര്‍പ്പിലെത്തുന്നത് ഏമേരിക്കന്‍ കോടതികളിലെ സ്ഥിരം സംഭവമാണ്‌്. അങ്ങനെയാണെങ്കില്‍ ഡിസി-10 വിമാനത്തിന്റെ നേരത്തെ പറഞ്ഞ സാങ്കേതികതകരാറുമായി ബന്ധപ്പെട്ട് കമ്പനി സമര്‍പ്പിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാനാവില്ല. കോടതിയില്‍ നിന്നും അങ്ങനെ ഉത്തരവ് വരുന്നതിനും മുമ്പ് സൂത്രത്തില്‍ ഈ രേഖകളുടെ പകര്‍പ്പ് സമ്പാദിക്കുന്നതിലൂടെയാണ് ഈ വിഷയത്തെ സണ്‍ഡേ ടൈംസ് മറികടന്നത്. 50,000 പേജുകള്‍ ഫോട്ടോസ്‌റ്റാറ്റ് ചെയത് ലണ്ടണിലേക്ക് അയക്കുകയായിരിന്നു.
കിം ഫില്‍ബിയെ കണ്ടെത്തുന്നതിന്റെ വിവരണവും, താലിഡോമൈഡ് മരുന്നിന്റെ പിന്നിലുള്ള നിഷ്‌ഠൂരമായ ലാഭേച്ഛ പുറത്തു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ വിവരണവും ഒരിക്കലും മറക്കാവുന്നതല്ല. റോയ് തോംസണ്‍ എന്ന പത്രമുടയുടെ അസാധാരണമായ വ്യക്തിത്വമാണ് സണ്‍ഡേ ടൈംസിന് ഇത്തരത്തിലുള്ള പത്രപവര്‍ത്തനം നടത്തുവാന്‍ ഉള്ള സ്വാതന്ത്യവും, ശേഷിയും സംഭാവന ചെയ്‌തതെന്നു ഇവാന്‍സ് വ്യക്തമാക്കുന്നു. പത്രത്തില്‍ വരുന്ന വാര്‍ത്തകളുടെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള ഇടപെടല്‍ താന്‍ നടത്തില്ലെന്നു പ്രഖ്യാപിക്കുന്ന വിസിറ്റിംഗ് കാര്‍ഡുകള്‍ അദ്ദേഹം എപ്പോഴും കൈവശം വച്ചിരുന്നു. സണ്‍ഡേ ടൈസിലെ വാര്‍ത്തകളെപ്പറ്റി അടുപ്പക്കാരായ ബിസിനസ്സുകാരും, രാഷ്ടീയ നേതാക്കളും പരാതി പറഞ്ഞാല്‍ ഉടന്‍ അതിലൊരു കാര്‍ഡ് നല്‍കി അദ്ദേഹം വിഷയം മാറ്റുമായിരുന്നു. തോംസണ്‍ ഗ്രൂപ്പില്‍ നിന്നും 1981-ല്‍ മര്‍ഡോക്ക് ടൈംസ് ഏറ്റെടുക്കുന്നതോടെ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെ ഒരദ്ധ്യായം അവസാനിച്ചു. ആഴ്‌ചയിലൊരിക്കല്‍ ഇറങ്ങിയിരുന്ന സണ്‍ഡേ ടൈംസില്‍ നിന്നും ഇവാന്‍സിനെ ദിനപത്രമായ ദ ടൈംസിന്റെ പത്രാധിപരായി മര്‍ഡോക്ക് നിയമിച്ചുവെങ്കിലും ഒരു കൊല്ലത്തിനകം തല്‍സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീ്‌ക്കം ചെയ്‌തു. താമസിയാതെ ഇവാന്‍്‌സ് ബ്രിട്ടനില്‍ നിന്നും അമേരിക്കയിലേക്കു താമസം മാറി. അമേരിക്കന്‍ സര്‍വകാലശാലകളില്‍ അദ്ധാപനം നടത്തിയെങ്കിലും പുസ്‌തക പ്രസാധകരായ റാന്‍ഡം ഹൗസിന്റെ തലവന്‍ എന്ന നിലയില്‍ അദ്ദേഹം പ്രശസ്‌തനായി. മര്‍ഡോക്കിന്റെ വരവോടെ മാധ്യമരംഗത്തു തുടങ്ങിയ കഷ്ടകാലം അതിന്റെ പാരമ്യത്തിലെത്തുന്ന വേളയിലാണ് ഇവാന്‍സ് വിടവാങ്ങുന്നത്. വസ്‌തുതകളുടെയും, തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊതു താല്‍പര്യം മുന്നില്‍ നിര്‍ത്തി നടത്തുന്ന പത്രപ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ഓര്‍മകളെ അനശ്വരമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.