മസ്‌കത്ത് : ഹരിപ്പാട് കൂട്ടായ്മ (ഹാപ്പ് ഒമാൻ) കുട്ടികൾക്കായി മനോഹരമായ ഒരു ഏകദിന വേനൽ ക്യാംപ് സംഘടിപ്പിച്ചു. കലയും വിനോദവുമായ നിരവധി ആകർഷണങ്ങളാൽ സമൃദ്ധമായിരുന്ന ഈ ക്യാംപ് കുട്ടികൾക്ക് സാങ്കേതിക കഴിവുകളും ആസ്വാദ്യാനുഭവങ്ങളും സമ്മാനിച്ചു.
ക്യാംപിന്റെ ഭാഗമായി ആർട്ട്, ക്രാഫ്റ്റ്, സംഗീതം, കരാട്ടെ തുടങ്ങിയ മേഖലകളിൽ വിവിധ ശിൽപശാലകളും പരിശീലനങ്ങളും സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ പങ്കെടുത്ത ക്യാംപിൽ വൈബ്‌സ് സ്ഥാപനത്തിലെ ചിത്രകലാ അധ്യാപകനായ ഷൈനു കുട്ടൻ കുട്ടികൾക്ക് ചിത്രങ്ങളുടെയും ചായങ്ങളുടെ രീതിയിലൂടെയും സൃഷ്ടിപരമായ ആശയങ്ങൾ പങ്കുവെച്ചു.
കരാട്ടെ ഗുരു ഷാജി കുട്ടികളെ സ്വയംരക്ഷാ സാങ്കേതിക വിദ്യകളിൽ പരിശീലിപ്പിച്ചു. സംഗീത പഠനത്തിന് നേതൃത്വം നൽകിയതും സംഗീത അധ്യാപിക വീണയാണ്. ക്യാംപിന്റെ മുഖ്യ കോഓർഡിനേറ്ററായി മുഹമ്മദ് കാസിം പ്രവർത്തിച്ചു. സജിത വിനോദ്, വിപിൻ വിശ്വൻ എന്നിവർ ഉൾപ്പെടെയുള്ള ഹാപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ സഹകരണവും പരിപാടിക്ക് ശക്തി നൽകി.
ഇത്തരം മനസ്സും ശരീരവും പോഷിപ്പിക്കുന്ന പരിപാടികൾ തുടർന്നും ഹാപ്പ് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കൈലാസ് നായർ അറിയിച്ചു. സെക്രട്ടറി ബിനീഷ് സി. ബാബു കുട്ടികൾക്കും രക്ഷിതാക്കൾക്കും നന്ദിയും ആശംസകളും അറിയിച്ചു.