മക്ക: അതിതീവ്ര ചൂടിന്റെ പശ്ചാത്തലത്തിൽ, ഹജ് നിർവഹിക്കാൻ എത്തുന്ന തീർഥാടകർക്ക് പ്രത്യേക ആരോഗ്യസുരക്ഷാ മുന്നറിയിപ്പുകളുമായി സൗദി അധികാരികൾ മുന്നോട്ട് വന്നു. അന്തരീക്ഷത്തിലെ ഉയർന്ന താപനില കണക്കിലെടുത്ത്, അറഫ ദിനത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ നിറഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഈ സമയത്ത് തീർഥാടകർ ജബൽ അൽ റഹ്മയിലേക്കും നമിറ പള്ളിയിലേക്കും പോകരുതെന്നും, കൂടാരങ്ങളിൽ തന്നെ വിശ്രമിക്കണമെന്നും നിർദ്ദേശം. കടുത്ത ചൂട് മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകണക്കിലെടുത്ത്, അറഫ, മിന, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള കാൽനടയാത്രയും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
തീർഥാടകർക്കായി അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡ് ‘നുസുഖ്’ നഷ്ടപ്പെടുന്നത് സുരക്ഷാ നടപടികളിലേക്കുള്ള തടസ്സമായേക്കും. അതിനാൽ അതു സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഹജ് ഉംറ മന്ത്രാലയം തീർഥാടകർക്കായി തയ്യാറാക്കിയ യാത്രാ ഷെഡ്യൂളുകൾ കൃത്യമായി പാലിക്കണമെന്ന് ഓർമ്മിപ്പിച്ചു. പുണ്യസ്ഥലങ്ങൾക്കിടയിലെ യാത്രകൾക്കായി അനുവദിച്ചിട്ടുള്ള ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുകയും, നിശ്ചയിച്ച സമയങ്ങളിൽ മാത്രമേ യാത്രകൾ നടത്താവുന്നതെന്നും, അനാവശ്യമായ കാൽനടയാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശം ചേർത്തു.
തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനാണ് ഈ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും, അതുകൊണ്ട് ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാൻ തീർഥാടകർ തയ്യാറാകണമെന്ന് അധികൃതർ അറിയിച്ചു.