റിയാദ് ∙ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ സൗദി പ്രതിനിധിസംഘം സിറിയയിൽ.
സൗദി വ്യവസായികരായ മുഹമ്മദ് അബു നയാൻ, സുലൈമാൻ അൽ മുഹൈദീബ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് സിറിയൻ സന്ദർശനത്തിനായി എത്തിയത്. ഡമസ്കസിലെ പിൾപ്പിൾസ് കൊട്ടാരത്തിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ സംഘത്തെ ഔപചാരികമായി സ്വീകരിച്ചു.
ഇരു രാജ്യങ്ങളുടെയും വ്യാപാര-സാമ്പത്തിക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും, നിക്ഷേപാവസരങ്ങൾ വികസിപ്പിക്കുന്നതിനുമായാണ് ഈ സന്ദർശനം. സാമ്പത്തിക രംഗത്തെ സഹകരണം വർധിപ്പിക്കുകയും, വിവിധ പ്രധാന മേഖലയിലെ സംയുക്ത നിക്ഷേപ സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
പുതിയ സിറിയൻ ഭരണകൂടം ആവിഷ്‌കരിച്ച സമഗ്ര സാമ്പത്തിക-രാഷ്ട്രീയ പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സമീപനം. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും ആകർഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാനും ഇനിയുള്ള ശ്രമങ്ങൾക്ക് ഈ സന്ദർശനം നാഴികക്കല്ലാകുമെന്ന് വിലയിരുത്തുന്നു.
ഗതാഗതം, സിവിൽ ഏവിയേഷൻ, ഊർജം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിന് അനുയോജ്യമായ നിയമ-നിയന്ത്രണ സംവിധാനങ്ങൾ രൂപപ്പെടുത്തുക എന്നതാണ് അടുത്ത ഘട്ടം.