റിയാദ്: ജൂൺ ഒന്നുമുതൽ സൗദി അറേബ്യയിൽ വേനൽക്കാലം ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽക്കാല ചൂടിന്റെ മുന്നറിയിപ്പെന്നോണം വിവിധ മേഖലകളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ജിദ്ദയിൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയര്‍ന്നതായി റിപ്പോർട്ടുണ്ട്. ഇത്തവണ രാജ്യത്ത് വളരെ ശക്തമായ വേനൽ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഹുസൈൻ അൽ ഖഹ്ത്താനി മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയ്ക്കനുസരിച്ച് വസ്ത്രധാരണം, ഭക്ഷണക്രമം, വെള്ളം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഉപദേശിച്ചു.
ഇന്ന് ഹായിൽ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 49 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ കാറ്റ് കാഴ്ച തടസ്സപ്പെടുത്തും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജസാൻ, അസീർ, അൽ-ബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ പൊടിപടലങ്ങൾ തുടരുമെന്നുമാണ് റിപ്പോർട്ട്. ഇതിന്റെ ബാധകം മദീനയുടെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ട്.
അതേസമയം, കിഴക്കൻ പ്രവിശ്യയുടെ ചില പ്രദേശങ്ങളിൽ താപനില ഇനിയും വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ്, ചൂട് എന്നിവയെ അഭിമുഖീകരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.