ജിദ്ദ ∙ ഇനി മുതൽ വിദേശികൾക്കും സൗദി അറേബ്യയിൽ ഭൂമി സ്വന്തമാക്കാനാവും. 2026-ൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ ഭൂമി ഉടമസ്ഥാവകാശ നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. ജിദ്ദ, റിയാദ് തുടങ്ങിയ വൻ നഗരങ്ങളിലടക്കം വിദേശികൾക്ക് ഭൂമി വാങ്ങാൻ അനുമതി നൽകുന്നതാണ് ഈ നിയമം.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഭൂമിശാസ്ത്രപരമായ പ്രത്യേക മേഖലകളിലേക്കും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിലേക്കുള്ള അനുമതിക്ക് അംഗീകാരം ലഭിച്ചത്.
റിയൽ എസ്റ്റേറ്റ് മേഖലയെ വികസിപ്പിക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഇത്തരത്തിലുള്ള പ്രധാന ലക്ഷ്യങ്ങളോടെയാണ് നിയമം കൊണ്ടുവരുന്നത് എന്ന് നഗരസഭാ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽ ഹുഖൈൽ വ്യക്തമാക്കി. ഇതുവഴി നിക്ഷേപകരെയും റിയൽ എസ്റ്റേറ്റ് വികസന സ്ഥാപനങ്ങളെയും സൗദി വിപണിയിലേക്ക് കൂടുതൽ ആകർഷിക്കാൻ കഴിയും.
മക്കയും മദീനയും പോലുള്ള പ്രത്യേക നഗരങ്ങളിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം 180 ദിവസത്തിനുള്ളിൽ, അതിന്റെ വിശദാംശങ്ങൾ പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.