മദീന: സൗദിയിലെ ആദ്യത്തെ ‘വഖഫ്’ ആശുപത്രി മദീനയിൽ പ്രവർത്തനമാരംഭിച്ചു. ‘അൽസലാം എൻഡോവ്മെന്റ് ആശുപത്രി’ എന്ന പേരിലുള്ള ആശുപത്രി മസ്ജിദുന്നബവിയുടെ പടിഞ്ഞാറൻ മുറ്റത്ത് അൽ സലാം റോഡിനോട് ചേർന്ന് 750 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമിച്ചിട്ടുള്ളത്. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ചാരിറ്റി പ്ലാറ്റ്ഫോ മായ ‘ഇഹ്സാൻ’ വഴിയെത്തിയ എട്ട് കോടി റിയാലിന്റെ സംഭാവനകൾ കൊണ്ടാണ് ഈ ആശുപത്രി നിർമിച്ചത്.
അൽസലാം ആശുപത്രി രാജ്യത്തിന്റെ നന്മയുടെയും കാരുണ്യത്തിന്റെയും പാതയുടെ മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മദീന ഗവർണർ പറഞ്ഞു. ഇസ്ലാമിന്റെ ആദ്യ കാലഘട്ടം മുതൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയുടെ പ്രതീകമായിരുന്നു മദീന. അത് ആദ്യത്തെ ഇസ്ലാമിക എൻഡോവ്മെന്റിന്റെ ഇൻകുബേറ്ററായിരുന്നുവെന്നും ഗവർണർ സൂചിപ്പിച്ചു. ആശുപത്രിയിൽ 61 കിടക്കകളുടെ ശേഷിയാണുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ 26 കിടക്കകളും സൂര്യാഘാതം, ചൂട് മൂലമുള്ള ക്ഷീണം എന്നിവക്കായി എട്ട് കിടക്കകളും അത്യാഹിത കേസുകളിൽ 27 കിടക്കകളുമാണ് ആശുപത്രിയിലുള്ളത്.
പ്രതിവർഷം 10 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സേവനം നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം പ്രദേശത്തെ ജനങ്ങളുടെയും സന്ദർശകരുടെയും തീർഥാടകരുടെയും ആവശ്യങ്ങൾ ആശുപ്രതി നിറവേറ്റും. പദ്ധതിയുടെ പൂർത്തീകരണത്തിന് സഹകരിച്ച എല്ലാവർക്കും ഗവർണർ നന്ദി അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളികളായ നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.
ഇഹ്സാൻ പ്ലാറ്റ്ഫോമിന്റെ അഭ്യുദയകാംക്ഷികളെ ആദരിക്കുന്നതിനുള്ള ഒരു വാർഷിക ചടങ്ങിലാണ് ആശുപത്രിക്കുള്ള സംഭാവന സ്വീകരിച്ചത്. ഇഹ്സാൻ പ്ലാറ്റ്ഫോം വഴി സംഭാവന കാമ്പയിൻ ആരംഭിച്ചതായി പ്രഖ്യാപിച്ച് അരമണിക്കൂറിനുള്ളിൽ ആശുപത്രി പദ്ധതിക്കുള്ള തുക ലഭിച്ചിരുന്നു.
മദീനയിലെ അൽ സലാം ആശുപത്രി ഉദ്ഘാടന ചടങ്ങിൽ വാണിജ്യ മന്ത്രിയും നാഷനൽ പ്ലാറ്റ്ഫോം ഫോ ർ ചാരിറ്റബ്ൾ വർക്ക് (ഇഹ്സാൻ) സൂപ്പർവൈസറി കമ്മിറ്റി ചെയർമാനുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി, ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ, റോയൽ കോർട്ട് ഉപദേഷ്ടാവും മുതിർന്ന പണ്ഡിത കൗൺസിൽ അംഗവുമായ ശൈഖ്ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹു മൈദ്, സൗദി ഡാറ്റ അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽ ഗാമിദി എന്നിവർ സന്നിഹിതരായിരുന്നു.











