വേനലവധി കഴിഞ്ഞ് ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
അബുദാബി : രണ്ടു മാസം നീണ്ട വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഓഗസ്ത് അവസാന വാരമാണ് സ്‌കൂളുകള്‍ തുറക്കുന്നത്.
ഓഗസ്ത് 29 തിങ്കളാഴ്ചയാണ് മിക്ക സ്‌കൂളുകളും തുറക്കുന്നത്. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളല്ല ഇപ്പോള്‍ ക്ലാസുകളില്‍ നേരിട്ട് വന്നുള്ള പഠനത്തിലേക്ക് മടങ്ങിയിരിക്കുകയാണ് സ്‌കൂളുകള്‍ എല്ലാം.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണ്‍ലൈന്‍ പഠനത്തിലായിരുന്നവര്‍ക്ക് യൂണിഫോം, ബാഗ്, ലഞ്ച് ബോക്‌സ്, വാട്ടര്‍ബോട്ടില്‍, ഷൂ എന്നിവയൊന്നും ആവശ്യമില്ലായിരുന്നു.
പലരും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ യൂണിഫോം, ബാഗ്, ഷൂ എന്നിവയെല്ലാം വാങ്ങുന്ന തിരക്കിലാണ്.
ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം വീട്ടില്‍ ഉപേക്ഷിച്ചാണ് ഇനി ക്ലാസുകളില്‍ പോവേണ്ടത്.
എന്നാല്‍, കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഹൈബ്രിഡ് സംവിധാനത്തില്‍ ക്ലാസുകള്‍ നടത്താന്‍ ആലോചിക്കുന്ന സ്‌കൂളുകളും ഉണ്ട്.
നേരിട്ടുള്ള പഠനത്തിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും ഉണ്ടാകുമെന്ന് സര്‍ക്കുലറുകള്‍ രക്ഷിതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
വിദേശ യാത്ര കഴിഞ്ഞ് മടങ്ങിവന്ന കുട്ടികള്‍ക്ക് കോവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആവശ്യമായി വന്നേക്കും. പല സ്‌കൂളുകളും 96 മണിക്കൂറിനുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.
യുഎഇയിലെ അബുദാബി ഉള്‍പ്പടെയുള്ള എമിറേറ്റുകളില്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പതിനാലു ദിവസത്തില്‍ ഒരിക്കല്‍ പിസിആര്‍ ടെസ്റ്റ് സൗജന്യമായിരുന്നു. എന്നാല്‍, സ്‌കൂള്‍ അവധിക്കാലം ആരംഭിച്ചതോടെ ഈ സൗജന്യം നിര്‍ത്തലാക്കിയിട്ടുമുണ്ട്.
സ്‌കൂള്‍ തുറക്കുന്ന അവസാന ആഴ്ച സൗജന്യമാക്കുമെന്നാണ് കരുതുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് പറയുന്നുമുണ്ട്. പലരും ഇപ്പോള്‍ നാല്‍പത് ദിര്‍ഹം നല്‍കിയാണ് പിസിആര്‍ ടെസ്റ്റ് നടത്തുന്നത്.
ദുബായ് പോലുള്ള എമിറേറ്റുകളില്‍ ഷോപ്പിംഗ് മാള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെങ്കിലും അബുദാബിയില്‍ അല്‍ ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. പക്ഷേ, പതിനാല് വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇപ്പോഴും ഗ്രീന്‍ പാസ് ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.