കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ് ബുധനാഴ്ച കുവൈത്ത് ആന്‍റി കറപ്ഷൻ അതോറിറ്റിയുടെ (നസഹ) ആസ്ഥാനം സന്ദർശിച്ച് തന്‍റെ സ്വത്ത് വിവരം അപ്‌ഡേറ്റ് ചെയ്തു. തന്‍റെ സാമ്പത്തിക വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അതോറിറ്റിയുടെ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനുള്ള താൽപര്യം പ്രധാനമന്ത്രി അറിയിക്കുകയായിരുന്നുവെന്ന് നസഹ ചെയർമാൻ അബ്ദുൽ അസീസ് അൽ ഇബ്രാഹിം അറിയിച്ചു.
അഴിമതിക്കെതിരെ പോരാട്ടം സർക്കാർ പ്രകടന പത്രികയുടെ മുൻഗണനകളിൽ ഒന്നാണ്. പോരാട്ടത്തിൽ നസാഹയ്ക്കുള്ള പിന്തുണ സ്ഥിരീകരിക്കുകയും നിയമം പാലിക്കാൻ പൊതുസമൂഹത്തിന് സന്ദേശം നൽകുന്ന നടപടിയാണിതെന്ന് ചെയർമാൻ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ സുതാര്യമായ പ്രവർത്തനം കാഴ്ച വയ്ക്കാൻ പ്രധാനമന്ത്രിയുടെ നടപടി ഗുണപരമായ സ്വാധീനം ചെലുത്തുമെന്ന് അൽ-ഇബ്രാഹിം കൂട്ടിച്ചേർത്തു.
