തിരുവനന്തപുരം: ബഹിരാകാശ രംഗത്ത് നിർണായക മുന്നേറ്റവുമായി ഇന്ത്യയുടെ സ്പെയ്ഡെക്സ് ദൗത്യ വിക്ഷേപണം ഇന്ന്. രാത്രി 9.58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ് സെന്‍ററില്‍ നിന്നാണ് വിക്ഷേപണം. പിഎസ്എല്‍വി 60 റോക്കറ്റ് ഉപയോഗിച്ചാവും വിക്ഷേപണം നടത്തുക.
സ്പെയ്ഡെക്സ് ഉപഗ്രഹങ്ങൾക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കും. 220 കിലോഗ്രാം വീതം ഭാരമാണ് ഇവയ്ക്ക്. ഒന്നിച്ച് വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും.
രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ നിര്‍ണായക ദൗത്യമാണ് സ്പെയ്ഡെക്സ്. ദൗത്യം വിജയിച്ചാൽ ഇന്ത്യ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും. സോവിയേറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ.