അബുദാബി : സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്മാർട് ഫോണുകൾക്കും സ്മാർട് വാച്ചുകൾക്കും വിലക്ക്. നിയമം ലംഘിച്ച് ഇവ സ്കൂളിലേക്കു കൊണ്ടുവന്നാൽ പിടിച്ചെടുക്കാൻ വിദ്യാഭ്യാസ , വിജ്ഞാന വകുപ്പ് ഉത്തരവിട്ടു. നിയമലംഘനം രക്ഷിതാക്കളെ യഥാസമയം അറിയിക്കണം. ഫോണോ സ്മാർട്ട് വാച്ചോ സ്കൂളിൽ കൊണ്ടുവന്നാൽ കണ്ടുകെട്ടുന്നതും പിന്നീട് തിരിച്ചെടുക്കുന്നതു സംബന്ധിച്ചും രക്ഷിതാവ് 2 ഫോം പൂരിപ്പിച്ച് ഒപ്പിട്ട് സ്കൂളിന് നൽകണം.
ആദ്യഘട്ടം നിയമം ലംഘിച്ചാൽ ഒരു മാസത്തേക്കു ഫോണും സ്മാർട്ട് വാച്ചും പിടിച്ചുവയ്ക്കും. നിയമലംഘനം ആവർത്തിച്ചാൽ വിദ്യാഭ്യാസ വർഷം മുഴുവനും പിടിച്ചുവയ്ക്കും. ഫോണിൽ മറ്റു വിദ്യാർഥികളുടെയോ അധ്യാപകരുടെയോ സ്കൂൾ ജീവനക്കാരുടെയോ ഫോട്ടോ കണ്ടെത്തിയാൽ കേസ് ചൈൽഡ് റൈറ്റ്സ് യൂണിറ്റിന് കൈമാറും.ഇതുസംബന്ധിച്ച് സ്കൂൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കണമെന്ന് സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു. അനുമതിയില്ലാതെ ക്യാമറ സ്കൂളിൽ കൊണ്ടുവരുന്നതും വിലക്കി. നിയമവിരുദ്ധമായി ക്യാമറ കൊണ്ടുവന്നാൽ അവ കണ്ടുകെട്ടും.
