സുധീര്‍ നാഥ്
ഏഴാം അറിവ് (സെവന്‍ത്ത് സെന്‍സ്) എന്ന തമിഴ്/തെലുങ്ക് ചിത്രം എറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. ഇതിന്‍റെ മലയാള പരിരാഷാ ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. എ ആര്‍ മുരുകദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രമുഖ തമിഴ് നടന്‍ സൂര്യയാണ് മുഖ്യ കഥാപാത്രമായി എത്തുന്നത്. ആയുധവിദ്യയിലും, ഔഷധ ശാസ്ത്രത്തിലും നിപുണനായ ബോധിധര്‍മ്മന്‍ എന്ന കഥാപാത്രം ഗുരു മാതാവിന്‍റെ ആവശ്യപ്രകാരം മൂന്ന് വര്‍ഷത്തെ പ്രയാണം കൊണ്ട് ചൈനയിലെ നാന്‍ എന്ന ഗ്രാമത്തില്‍ എത്തി ചേര്‍ന്നു. ചൈനയിലെ ഈ ഗ്രാമത്തിലെ ആപത്തിന് രക്ഷകനായാണ് ഗുരുമാതാവ് ബോധിധര്‍മ്മനെ അയക്കുന്നത്. ഒരു അപൂര്‍വ്വ വൈറസ് ജനങ്ങളെ കൊന്നൊടുക്കുന്നതിനും, മ്യഗങ്ങളെ പോലെ ആക്രമണ സ്വഭാവമുള്ള മനുഷ്യരില്‍ നിന്നും ബോധിധര്‍മ്മന്‍ ഗ്രാമീണരെ രക്ഷിക്കുന്നതാണ് ചിത്രത്തില്‍.
സൂര്യ ചിത്രത്തില്‍ ആധുനിക കാലഘട്ടത്തെ കൂടി പ്രതിനിധാനം ചെയ്യുന്നു. ചൈന ഇന്ത്യയ്ക്ക് നേരെ ബയോളജിക്കല്‍ യുദ്ധം പദ്ധതി ഇടുന്നതും ചിത്രത്തില്‍ വിഷയമാക്കിയിട്ടുണ്ട്. കോവിഡ് കാലത്തിന് സമാനമായ സാഹചര്യങ്ങളാണ് സിനിമയിലും കാണുവാന്‍ സാധിക്കുന്നത്. ഖയാമത്തും, ദി റോക്ക് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും വൈറസ് വിഷയമാക്കിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
2019ല്‍ പുറത്തിറങ്ങിയ മലയാളത്തില്‍ വൈറസ് എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമ 2018ലെ നീപ്പ വൈറസാണ് വിഷയമാക്കിയിരിക്കുന്നത്. യഥാര്‍ത്ഥ സംഭവമാണ് വൈറസ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നത് സിനിമയെ വേറിട്ട് നിര്‍ത്തുന്നു. രാഷ്ട്രീയ, സാമൂഹ്യ, ആരോഗ്യ രംഗത്തുള്ള സേവന സന്നദ്ധരായവര്‍ നീപ്പ വൈറസിനെ തടയുവാന്‍ നടത്തുന്ന ശ്രമമാണ് സിനിമയില്‍ പറയുന്നത്. മന്ത്രിയും, കളക്ടറും, നേഴ്സും, ഡോക്ടറും ഇതില്‍ കഥാപാത്രങ്ങളാകുന്നു.


















