കൊച്ചി: സിനിമാ ഷൂട്ടിംങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു നടി ഗീത വിജയൻ. പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായെന്നും അവർ പറഞ്ഞു. സംവിധായകൻ തുളസീദാസാണ് മോശമായി പെരുമാറിയതെന്ന് ഗീത പറഞ്ഞു. 1991ൽ ചാഞ്ചാട്ടം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. മുറിയിൽ തട്ടി, റൂമിലെ ഫോണിൽ വിളിച്ചു. ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും അവർ പ്രതികരിച്ചു. അന്വേഷണസംഘം സമീപിച്ചാൽ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും ഗീത പറഞ്ഞു.
സിനിമയിൽ മാറ്റങ്ങൾക്കു തുടക്കം കുറിക്കാനുള്ള അവസരമാണു ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ വന്നിരിക്കുന്നതെന്നും പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.“1991ൽ സിനിമയിൽ പുതിയ ആളായി എത്തിയപ്പോൾ മോശമായ അനുഭവം ഉണ്ടായി. അപ്പോൾ തന്നെ പ്രതികരിച്ചു. നോ പറയേണ്ട സ്ഥലത്തു നോ പറഞ്ഞു. അതിനാൽ പലരുടെ കണ്ണിലും കരടായി. പ്രതികരിച്ചതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടു. പ്രതിരോധിച്ചാൽ അവസരം കിട്ടില്ല. സിനിമ കിട്ടുന്നെങ്കിൽ കിട്ടട്ടെ, ഇല്ലെങ്കിൽ വേണ്ട”- ഗീത മാധ്യമങ്ങളോടു പറഞ്ഞു.
സെറ്റിലെ ദുരനുഭവങ്ങൾ പങ്കുവച്ചപ്പോൾ സഹപ്രവർത്തകരിൽ നിന്നു മാനസിക പിന്തുണ ലഭിച്ചു. ചിലർ സെറ്റുകളിൽ സംരക്ഷകരായി നിന്നു. അതിനാൽ വലിയ ഉപദ്രവം ഉണ്ടായില്ല. നല്ലവരായ നിരവധി ആളുകളും സിനിമയിലുണ്ട്. എന്നാൽ, സിനിമാ മേഖലയിൽ വിവേചനം ഉണ്ടായിട്ടുണ്ട്. സിനിമയിൽ അഭിനേതാക്കൾക്കു തുല്യപരിഗണന ഉണ്ടാകും എന്നു പറയാറുണ്ടെങ്കിലും ഉണ്ടായിട്ടില്ല. ഇതു മാറ്റങ്ങൾക്കുള്ള അവസരമാണ്. പരാതി കൊടുത്താൽ, ആരോപണ വിധേയനു പിന്നെയും നിരവധി സിനിമകൾ ലഭിക്കും. പരാതിക്കാരിയെ സിനിമയിൽനിന്ന് ഒഴിവാക്കും. ഇതാണ് മാറേണ്ടതെന്നും ഗീത പറഞ്ഞു.
ഹേമ കമ്മിറ്റിയെ നിയോഗിച്ച സർക്കാരിന് നന്ദി പറയുന്നു. കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത് നന്നായി. സിനിമ മികച്ച മേഖലയാണ്. പക്ഷേ, അവിടെ നടക്കുന്ന കാര്യങ്ങളാണു സഹിക്കാൻ കഴിയാത്തത്. സിനിമാ മേഖല സുരക്ഷിതമാകണം. സുരക്ഷിതമായാലേ സുഗമമായി അഭിനയിക്കാൻ കഴിയൂ. സിനിമയിലെ പല സ്ത്രീകളുടെയും ജീവിതം നരകപൂർണമായിട്ടുണ്ട്. ഇതിനെല്ലാം അവസാനം വേണമെന്നും ഗീത പറഞ്ഞു.