മുംബൈ: ഓഹരി വിപണി കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് 511 പോയിന്റ് നേട്ടത്തോടെ 37,930 പോയിന്റില്‍ ക്ലോസ് ചെയ്‌തു. 37,990.55 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.
നിഫ്‌റ്റി 11,150ന് മുകളില്‍ ക്ലോസ് ചെയ്‌തു. 140 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 11,162 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,179.55 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.
എനര്‍ജി ഓഹരികളാണ് വിപണിയിലെ കുതിപ്പ് തുടരുന്നതിന് തുണച്ചത്. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ അഞ്ച് ഓഹരികളില്‍ മൂന്നും എനര്‍ജി വിഭാഗത്തില്‍ നിന്നുള്ളവയാണ്. പവര്‍ഗ്രിഡ്, ഐഒസി, ബിപിസിഎല്‍ എന്നീ ഓഹരികള്‍ 5 ശതമാനത്തിന് മുകളില്‍ നേട്ടമാണ് രേഖപ്പെടുത്തിയത്. നിഫ്‌റ്റി എനര്‍ജി സൂചിക മൂന്നര ശതമാനമാണ് ഉയര്‍ന്നത്.
പവര്‍ഗ്രിഡ്, ഐഒസി, ബിപിസിഎല്‍, എയ്‌ഷര്‍ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ 5 ഓഹരികള്‍. പവര്‍ഗ്രിഡ് 6.42 ശതമാനമുയര്‍ന്നു.
ഐടി ഓഹരികളും മുന്നേറ്റം രേഖപ്പെടുത്തി. എച്ച്‌സിഎല്‍ ടെകും വിപ്രോയും ഇന്ന് 52 ആഴ്‌ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.
കഴിഞ്ഞയാഴ്‌ച എജിഎമ്മിനു ശേഷം പൊടുന്നനെ ഇടിവ് നേരിട്ട റിലയന്‍സ് ഇന്റസ്‌ട്രീസ് വീണ്ടും ഉയര്‍ന്ന വിലയിലേക്ക് തിരിച്ചെത്തി. റിലയന്‍സ് ഇന്ന് 2.79 ശതമാനം നേട്ടം രേഖപ്പെടുത്തി.നിഫ്‌റ്റിയിലെ 51 ഓഹരികളില്‍ 32ഉം ഇന്ന് നേട്ടത്തിലായിരുന്നു.
ബാങ്ക് ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില 4.34 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി ബാങ്ക് സൂചിക രണ്ട് ശതമാനം നേട്ടം രേഖപ്പെടുത്തി.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫ്രാടെല്‍ എന്നിവയാണ് ഏറ്റവും നഷ്‌ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ബജാജ് ഫിനാന്‍സ് നാല് ശതമാനം ഇടിവ് നേരിട്ടു.




















