ദോഹ : ഖത്തറിന്റെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയ ഇടങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിന്റെ വടക്കൻ പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശങ്ങളായ എയ്ൻ മുഹമ്മദ്, മിസെയ്ക എന്നിവിടങ്ങള്‍ സന്ദർശിക്കാനാണ് ക്ഷണം. ഈ മാസം 15നും മാർച്ച് 15നും പൊതുജനങ്ങൾക്ക് പ്രദേശങ്ങൾ സന്ദർശിക്കാം. ‘ലാൻഡ്സ്കേപ് ഓഫ് ഫെയ്ത്’ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പുരാവസ്തു കേന്ദ്രങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചത്. വലിയ കെട്ടിടങ്ങൾ, ചെറിയ യൂണിറ്റുകൾ, ഭിത്തികൾ, വീടുകൾക്ക് പുറമെ ചെറുകിട വ്യവസായിക യൂണിറ്റുകൾക്ക് സദൃശ്യമായ കെട്ടിടങ്ങൾ, മൺപാത്രങ്ങൾ, ഗ്ലാസ് കഷണങ്ങൾ എന്നിവയെല്ലാം ഇവിടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയകാലത്തെ ദൈനംദിന ജീവിതത്തോട് ബന്ധപ്പെട്ടുള്ള ഇരുമ്പ് താക്കോൽ, ചെമ്പ് നിർമിത വടികൾ, തയ്യൽ സൂചികൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശങ്ങളുടെ പ്രത്യേകതകൾ പറഞ്ഞു തരാൻ ഖത്തർ മ്യൂസിയത്തിന്റെ ടൂർ ഗൈഡുകളും സന്ദർശകർക്കൊപ്പമുണ്ടാകും. സമീപകാലത്ത് ഈ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കളെക്കുറിച്ചും സന്ദർശകർക്ക് മനസിലാക്കാം. മാത്രമല്ല പ്രദേശങ്ങളിൽ സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്താനും അവസരം ലഭിക്കും. ഖത്തറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം മനസിലാക്കാനുള്ള വലിയ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇസ്ലാമിലെ ഒന്നു മുതൽ 3–ാം നൂറ്റാണ്ടു വരെയുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തുന്നതാണ് ലാൻഡ്സ്കേപ്പ് ഓഫ് ഫെയ്ത് പദ്ധതി. കിഴക്കൻ അറേബ്യയിലെ ഇസ്ലാം പരിവർത്തന കാലമാണിത്. ഇക്കാലയളവിലുണ്ടായിരുന്ന ഏതാണ്ട് 30 സൈറ്റുകൾ ഇതിനകം ഖത്തർ മ്യൂസിയം അധികൃതർ കണ്ടെത്തി കഴിഞ്ഞു. ഭൂരിഭാഗവും രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ്.
