ജിദ്ദ : ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കടൽ ടാക്‌സിയുടെ (സീ ടാക്‌സി) പരീക്ഷണ ഓട്ടം ജിദ്ദയിൽ ആരംഭിച്ചു.ജിദ്ദ യാച്ച് ക്ലബ്, ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്റ്റ്, ഷാർം ഒബുർ ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സീ ടാക്സിയാത്ര. ഒബ്ഹൂറിൽ വരും കാലയളവിൽ പ്രവർത്തനം ആരംഭിക്കും. സീ ടാക്‌സി പദ്ധതി ഭാവിയിൽ ജിദ്ദ കടൽത്തീരത്തെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.ഗതാഗത ലോജിസ്റ്റിക്‌സ് ഡപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജിദ്ദ മേയർ സാലിഹ് അൽ തുർക്കി സീ ടാക്‌സി പദ്ധതി ഉദ്ഘാടനം ചെയ്തു. കടൽ ടാക്‌സിയുടെ സമാരംഭം കടൽ ഗതാഗതത്തിലെ ഗുണപരമായ കുതിച്ചുചാട്ടത്തിനു തുല്യമാണ്. കൂടാതെ നഗരത്തിലെ ഗതാഗത അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന കണ്ണികൂടിയാണിത്.
റമസാനിൽ പദ്ധതി ദിവസേന ഉച്ചകഴിഞ്ഞ് 3.30 മുതൽ പുലർച്ചെ 1.30 വരെ പ്രവർത്തിക്കും. യാത്രാ നിരക്ക് 25 റിയാൽ മുതൽ 50 റിയാൽ വരെയാണ്. അതേസമയം കുട്ടികളെ നിരക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 94 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ബോട്ടുകളും 55 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളുമാണ് സർവീസ് നടത്തുന്നത്. വികലാംഗർക്ക് പ്രത്യേക പ്രവേശന സൗകര്യവുമുണ്ട്.
സീ ടാക്‌സി പദ്ധതി ജിദ്ദയിലെ ഗതാഗത ശൃംഖല മെച്ചപ്പെടുത്തും. കൂടാതെ ജലഗതാഗത മേഖല വികസിപ്പിക്കുന്നതിനും മേഖലയിലെ സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന ചുവടുവയ്പ്പാണിത്.
പൊതുഗതാഗതം വർധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന നീക്കത്തിൽ പ്രതിദിനം 29,000 പേർക്ക് യാത്ര ചെയ്യാവുന്ന 20 അത്യാധുനിക വാട്ടർ ടാക്‌സി സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ജിദ്ദ മേയറൽറ്റി നേരത്തെ തുടക്കമിട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. ഒബ്ഹൂർ കടൽത്തീരത്തെ ജിദ്ദയിലെ തിരക്കേറിയ വടക്കൻ, മധ്യ ജില്ലകളുമായി ബന്ധിപ്പിക്കുന്നതിൽ അത്യാധുനിക കടൽ ടാക്‌സി സ്റ്റേഷനുകൾ നിർണായക പങ്കുവഹിക്കും.