അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി. യുഎഇ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്.ജയ്ശങ്കറും തമ്മിലാണ് ഫോണിൽ ചർച്ച ചെയ്തത്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ ഗുണകരമാകുംവിധം സഹകരണം വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിൽ യുഎഇയുടെ അനുശോചനം അറിയിച്ച ഷെയ്ഖ് അബ്ദുല്ല പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. സമൂഹങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും തിരസ്കരിക്കുന്നതിൽ യുഎഇയുടെ നിലപാട് ആവർത്തിച്ചു. ഭീകരപ്രവർത്തനം രാജ്യാന്തര നിയമത്തിന് വിരുദ്ധവും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും പറഞ്ഞു.
ദക്ഷിണേഷ്യയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയിൽ ഷെയ്ഖ് അബ്ദുല്ല ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാധാനം, സ്ഥിരത,സമൃദ്ധി എന്നിവ ഉറപ്പാക്കാൻ പ്രതിസന്ധികൾക്ക് നയതന്ത്ര തലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
