മനാമ : റമസാൻ മാസത്തിൽ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലും ആരാധനാലയങ്ങളിലും സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമങ്ങൾ നടന്നു വരികയാണ്. തലസ്ഥാനമായ മനാമ സൂഖിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്നവരിൽ പലർക്കും നോമ്പുതുറ കഴിഞ്ഞും വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ട സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ദൂരസ്ഥലങ്ങളിലോ വീടുകളിലോ എത്തി നോമ്പുതുറ നടത്താൻ ഇവരിൽ പലർക്കും സാധിക്കില്ല. അങ്ങനെയുള്ളവർക്ക് സമസ്ത ബഹ്‌റൈൻ മനാമ ഏരിയ വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ സംഗമം വലിയ അനുഗ്രഹമാവുകയാണ്. സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാനമായ മനാമ ഇർഷാദുൽ മുസ്‌ലിമീൻ മദ്രസയിലാണ് നോമ്പുതുറയ്ക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
റമസാനിൽ എല്ലാ ദിവസവും കൃത്യം 5 മണിക്ക് യാസീൻ പാരായണത്തോടുകൂടി ആരംഭിക്കുന്ന നോമ്പുതുറ സംഗമത്തിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ നസ്വീഹത്തിനും ദുആക്കും എല്ലാ ദിവസവും നേതൃത്വം നൽകുന്നു. സെൻട്രൽ മാർക്കറ്റ്, ഗോൾഡ് സിറ്റി, മനാമ സൂഖ് എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകൾ ഈ നോമ്പുതുറയ്ക്കായി എത്തുന്നു. നോമ്പുതുറ കഴിയുമ്പോൾത്തന്നെ അടുത്ത ദിവസത്തേക്കുള്ള ഇഫ്താറിനുള്ള ഒരുക്കങ്ങളും ഇവിടെ ആരംഭിക്കുന്നു.സമസ്ത ബഹ്‌റൈൻ വർക്കിങ് സെക്രട്ടറി കുഞ്ഞഹമ്മദ് ഹാജി, ഷറഫുദ്ധീൻ മൗലവി, ഫാസിൽ വാഫി, സമസ്ത ബഹ്‌റൈൻ മനാമ കമ്മിറ്റി ഭാരവാഹികൾ, എസ്കെഎസ്എസ്എഫ് ബഹ്‌റൈൻ വിഖായ പ്രവർത്തകർ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി വരുന്നു.











