സമൂഹത്തിൽ മാതൃക കാണിക്കേണ്ടവർ തന്നെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നത് ആശാസ്യമായ പ്രവണതയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ സർക്കാർ ഏജൻസികൾ വെവ്വേറെയും കൂട്ടായും ഇടപെടേണ്ട കാര്യങ്ങളിൽ വ്യക്തത വരുത്തും. അതിനനുസരിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയുള്ള നാളുകളിൽ രോഗവ്യാപനം വർധിക്കുമെന്നാണ് കാണുന്നത്. അതിനെ നേരിടാനുള്ള നടപടികളാണ് സിഎഫ്എൽടിസികൾ ഒരുക്കുന്നതിലൂടെയും കൂടുതൽ മനുഷ്യവിഭവശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നത്. ആരോഗ്യ സർവകലാശാലയുടെ കോഴ്സുകളിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ സിഎഫ്എൽടിസികളിൽ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവർക്ക് താമസസൗകര്യവും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കും. ആരോഗ്യവകുപ്പ് സർവകലാശാലയുമായി ചേർന്ന് പഠനം കഴിഞ്ഞവരെ വിന്യസിക്കുന്നതിന്റെ വിശദാംശങ്ങൾ തയ്യാറാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇപ്പോൾ 101 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 12,801 കിടക്കകളാണുള്ളത്. 45 ശതമാനം കിടക്കകളിൽ ഇപ്പോൾ ആളുണ്ട്. രണ്ടാം ഘട്ടത്തിൽ 229 സിഎഫ്എൽടിസികളാണ് കൂട്ടിച്ചേർക്കുന്നത്. 30,598 കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. മൂന്നാംഘട്ടത്തിലേക്ക് 36,400 കിടക്കകളുള്ള 480 സിഎഫ്എൽടിസികൾ കണ്ടെത്തിയിട്ടുണ്ട്.
മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സഹ ടീം ലീഡറും ഒരു സ്റ്റാഫ് നഴ്സും രണ്ട് ലാബ് ടെക്നീഷ്യൻമാരും രണ്ട് ഫാർമസിസ്റ്റുകളും അടങ്ങുന്നതാണ് പ്രാഥമികതലത്തിലുള്ള സിഎഫ്എൽടിസി സംവിധാനം. ആളുകളുടെ എണ്ണം ആവശ്യാനുസരണം വർധിപ്പിക്കും. കോവിഡ് ബ്രിഗേഡിലേക്ക് 1679 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് പരിശീലനം ഉടൻ ആരംഭിക്കും.