അബുദാബി : യുഎഇയിൽ സന്നദ്ധ, സാമൂഹിക പ്രവർത്തകർക്ക് അംഗീകാരമായി ഗോൾഡൻ വീസ ലഭിച്ചവരിൽ മലയാളികളും. തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് റഫീഖ് ഉൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇരുപതോളം മലയാളികൾക്കാണ് 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ ലഭിച്ചത്. സർക്കാരിന്റെ വൊളന്റിയർ ഗ്രൂപ്പിനു കീഴിൽ കുറഞ്ഞത് 500 മണിക്കൂറിലേറെ സൗജന്യ സേവനം നടത്തിയവരെയാണ് ഗോൾഡൻ വീസ നൽകി ആദരിക്കുന്നത്.
സന്നദ്ധ സേവകരെ ഏകോപിപ്പിക്കുന്ന www.volunteers.ae വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കേണ്ടത്. കമ്യൂണിറ്റി പൊലീസ്, ദുബായ് കെയേഴ്സ്, നബാദ് അൽ ഇമാറാത് വൊളന്റിയറിങ് ടീം തുടങ്ങി വിവിധ ഗ്രൂപ്പുകൾക്കു കീഴിൽ നടത്തിയ സന്നദ്ധസേവനങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്തും. വൊളന്റിയർമാരെ ആവശ്യമുള്ള പരിപാടികളെക്കുറിച്ചും വെബ്സൈറ്റിൽ നിന്നറിയാം. താൽപര്യമുള്ളവർക്ക് റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. താമസിക്കുന്ന എമിറേറ്റ് അനുസരിച്ച് അതതു മേഖലയിലെ വൊളന്റിയർ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കും. തുടർന്ന് ലഭിക്കുന്ന നിർദേശം അനുസരിച്ച് താൽപര്യമുള്ളവർ അറിയിച്ചാൽ അന്തിമപട്ടിക തയാറാക്കി വിവരം അറിയിക്കും. സേവനമനുഷ്ഠിച്ചവരുടെ വിശദാംശങ്ങളും സമയവും രേഖപ്പെടുത്തും. സേവന ശേഷം www.volunteers.ae വെബ്സൈറ്റിൽനിന്ന് സർട്ടിഫിക്കറ്റും ഡൌൺലോഡ് ചെയ്ത് എടുക്കാം.












