കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലൂരില്‍ നിന്ന് ഭാ സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയതെന്ന് സൂചന
കാസര്‍കോട്: എറണാകുളം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്ന്കാരി വൈഗയെ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനുമോഹന്‍ പിടിയിലായി. കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലൂരില്‍ നിന്ന് ഭാ സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയതെന്ന് സൂചന.
വൈഗയുടെ ദൂരൂഹ മരണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പിതാവ് സനുമോഹന്‍ ആറ് ദിവസം മൂകാംബികയിലുണ്ടായിരുന്നു. എന്നാല്‍ പൊലിസ് എത്തുന്നതിന് മുമ്പ് ഇയാള്‍ ഇവിടെ നിന്ന് മുങ്ങി. എന്നാല്‍ മൂകാംബികയിലെ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സനുമോഹനെ പൊലിസ് തിരിച്ചറിഞ്ഞു. ഇവിടെ നിന്ന് മുങ്ങിയതോടെ കര്‍ണ്ണാടക പൊലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചില്‍ നടത്തിയാണ് സനുമോഹനെ പൊലിസ് വലയിലാക്കിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂര്‍ വരെ എത്തിയതായി നേരത്തെ കണ്ടെത്തി. തുടര്‍ന്നു രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാള്‍ 10 മുതല്‍ 16 വരെ കൊല്ലൂരില്‍ താമസിച്ചതായി വ്യക്തമായതും ഇവിടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായതും.
മാര്‍ച്ച് 20നാണ് സനു മോഹനെയും മകള്‍ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സനു മോഹനെ കണ്ടെത്താനായില്ല.
വൈകീട്ട് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തി കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ് അറിയിച്ചു.പൂനെയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ കൂടി പ്രതിയായ സനുമോഹനെ കണ്ടെത്താന്‍ രാജ്യവ്യാപക അന്വേഷണമാണ് നടക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.