ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അവഗണിക്കപ്പെട്ട യുവത്വത്തിന് മന്ത്രിയുടെ രാജി വലിയൊരു ആശ്വാസമാണെന്നും പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി
മലപ്പുറം : ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അവഗണിക്കപ്പെട്ട യുവത്വത്തിന് മന്ത്രിയുടെ രാജി വലിയൊരു ആശ്വാസമാണെന്നും പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി. ന്യൂനപക്ഷ ധനകാര്യവി കസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയ്ക്കുള്ള യോഗ്യതെല്ലാം തനിക്കുണ്ടായിരുന്നിട്ടും ജലീല്‍ ബന്ധുവിന് വേണ്ടി യോഗ്യത തിരുത്തുകയായിരുന്നു. ജലീലിനെതിരായ ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സഹീര്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ നീണ്ട കാലത്തെ നിയമ പോരാട്ടം ഫലം കണ്ടു. ജലീല്‍ മറ്റു വഴികള്‍ ഇല്ലാത്തത് കൊണ്ടാണ് രാജി വെച്ചത്. ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നെന്നും സഹീര്‍ പറഞ്ഞു. 2016ല്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുമ്പോള്‍ സഹീര്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍കോ ടെക്‌സിലെ ഫിനാന്‍സ് മാനേജരായിരുന്നു. യോഗ്യത ഇല്ലെന്ന് പറഞ്ഞ് തഴഞ്ഞ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടതോടെയാണ് താന്‍ ജലീലിന് ശത്രുവായത്. വിവാദത്തിനു ശേഷം മാല്‍കാ ടെക്സില്‍ നിന്നും 20 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെ സഹീര്‍ കാലടി രാജിവെച്ചു. സ്ഥാപനത്തിലെ അഴിമതികള്‍ ചൂണ്ടിക്കാണിച്ചതോടെ താന്‍ അധികൃതരുടെ കണ്ണിലെ കരടായി മാറിയെന്നും സഹീര്‍ പറഞ്ഞു. തനിക്ക് നീതി ലഭിക്കണമെന്നും മാല്‍കോ ടെക്സിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല.