ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികൾക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്താൻ അനുമതി നൽകും.സ്വകാര്യ ആശുപത്രികൾക്കും കോവിഡ് രോഗികളെ ചികിത്സിക്കാൻ അനുവാദം നൽകിയിട്ടുണ്ട്
വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശങ്ങൾ സമൂഹവ്യാപനത്തിലേക്ക് പോയ സാഹചര്യത്തിൽ സമചിത്തതയോടെ ശാസ്തീയമായ പരിഹാരമാർഗങ്ങളിലേക്ക് പോകണം. ബ്രേക്ക് ദി ചെയിൻ ജീവിതരീതി സുപ്രധാനമാണ്. അതിൽ തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം നടത്തി രോഗവ്യാപന കാരണങ്ങൾ കണ്ടെത്തിയും വിപുലമായ തോതിൽ ടെസ്റ്റിങ് നടത്തിയും വ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾ പൊന്നാനി പോലുള്ള ആദ്യ ക്ലസ്റ്ററുകളിൽ വിജയിച്ചിട്ടുണ്ട്.
സംസ്ഥാനത്തുള്ള രോഗികളിൽ അറുപത് ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളിൽ തന്നെ താമസിച്ച് പരിചരിച്ചാൽ മതിയെന്ന് വിഗഗ്ധർ ഉപാധികളോടെ നിർദ്ദേശിച്ചിട്ടുണ്ട്. അപകടസാധ്യത വിഭാഗത്തിൽ പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ വീട്ടിൽ തന്നെ കഴിയാൻ അനുവദിക്കാവുന്നതാണെന്നാണ് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം. രോഗികളുടെ എണ്ണം അമിതമായി വർധിച്ചാൽ ഇത്തരം നിർദ്ദേശങ്ങൾ പരിഗണിക്കേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിലെ രോഗവ്യാപനം നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാൽ തീർച്ചയായും കഴിയും. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ അടുത്ത ഘട്ടമായി ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന ആശയം രൂപപ്പെടുത്തിയത്.