ഷാർജ : ഷാർജയിൽ പുതിയ വാടക നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഭൂവുടമയ്ക്കും (റിയൽ എസ്റ്റേറ്റ് ഉടമ) വാടകക്കാരനും ഉപകാരപ്രദമാകുന്നതാണ് പുതിയ നിയമങ്ങൾ. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തി പുതിയ നിയമം പ്രഖ്യാപിച്ചത്. താമസ, വാണിജ്യ, ഇൻഡസ്ട്രിയൽ മേഖലകൾക്കെല്ലാം നിയമം ബാധകമാണ്.
അതേസമയം ഫ്രീസോണിലുളളവയ്ക്കും കൃഷിയിടങ്ങൾക്കും പുതിയ നിയമങ്ങൾ ബാധകമല്ല. ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ വാടകക്കാരെയും ഭൂവുടമകളെയും സംരക്ഷിക്കുന്നതിനൊപ്പം വാടക കരാറുകളിൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാനാണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്.
- ഷാർജയിലെ പുതിയ വാടകനിയമം പറയുന്ന 5 കാര്യങ്ങൾ
- എമിറേറ്റിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ച രീതിയിലുളള ഇലക്ട്രോണിക്-എഴുത്ത് രീതിയിലായിരിക്കണം വാടകക്കരാർ. എന്തൊക്കെ കാര്യങ്ങളാണ് കരാറിൽ ഉൾപ്പെടുത്തേണ്ടത് എന്നതിനും കൃത്യമായ മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. വാടക കരാർ 15 ദിവസത്തിനകം മുനിസിപ്പാലിറ്റി സാക്ഷ്യപ്പെടുത്തണം.ഫീസ് നൽകി ഭൂവുടമകളാണ് ഈ നടപടിക്രമങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടത്. ഈ സമയ പരിധിക്കുളളിൽ കരാർ സാക്ഷ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ സർട്ടിഫിക്കേഷൻ നിർബന്ധമാക്കാൻ വാടകക്കാരന് കോടതിയിൽ അപേക്ഷ നൽകാം. സമയപരിധി ലംഘിച്ചാൽ എക്സിക്യൂട്ടീവ് ചട്ടങ്ങൾ അനുസരിച്ച് ഭൂവുടമയ്ക്ക് പിഴ ചുമത്താൻ അഡ്മിനിസ്ട്രേറ്റീവിന് അധികാരമുണ്ട്.
- വാടക നൽകുന്നതിൽ വാടകക്കാരൻ പരാജയപ്പെട്ടാൽ ഭൂവടമയ്ക്ക് നോട്ടീസ് നൽകാം, 15 ദിവസത്തിനുശേഷവും വാടക നൽകിയില്ലെങ്കിൽ സ്ഥലം ഒഴിയാൻ ആവശ്യപ്പെടാം.
- വാടകകരാർ ആരംഭിച്ച് 3 വർഷത്തിനുളളിൽ സ്വത്ത് ഒഴിയാൻ പറയാൻ ഭൂവുടമയ്ക്ക് കഴിയില്ല. ബിസിനസ് ആവശ്യങ്ങളാണെങ്കിൽ ഇത് 5 വർഷമാണ്. നേരത്തെ മൂന്ന് മാസത്തെ ഒഴിപ്പിക്കൽ നോട്ടീസ് നൽകി വസ്തു ഒഴിയാൻ ആവശ്യപ്പെടാമായിരുന്നു. എന്നാൽ വാടക നൽകുന്നതിൽ വീഴ്ച വരുത്തിയാലോ കരാർ ലംഘനമുണ്ടായാലോ ഇതിൽ മാറ്റം വരുത്താം.കൂടാതെ വ്യക്തിപരമായ ആവശ്യക്കായി സ്ഥലം ഉപയോഗിക്കണമെന്നുണ്ടെങ്കിൽ, വാടകക്കാരനോട് ഒഴിയണമെന്ന് ആവശ്യപ്പെടാൻ ഭൂവുടമയ്ക്ക് സാധിക്കും. ഇത് വിൽപനയാണെങ്കിലും ഉടമസ്ഥകൈമാറ്റമാണെങ്കിലും സാധുവാണ്. വാടക വ്യവസ്ഥകൾ ലംഘിച്ച് പൊതു ക്രമത്തിനോ ധാർമ്മികതയ്ക്കോ വിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിലും ഒഴിയാൻ ആവശ്യപ്പെടാം. വാടകയ്ക്ക് എടുത്ത വസ്തു പൊളിയ്ക്കാനോ പുനർനിർമ്മിക്കാനോ തീരുമാനിച്ചാലും ഒഴിയാൻ ആവശ്യപ്പെടാം.
- വാടകകരാർ ആരംഭിച്ച് ആദ്യ മൂന്ന് വർഷത്തെ കാലയളവിനുള്ളിൽ വാടക വർധനവ് പാടില്ല. ഇരു കക്ഷികളുടെയും സമ്മതത്തോടെ മൂന്നാം വർഷം വാടക വർദ്ധിപ്പിച്ചാൽ പിന്നീട് രണ്ട് വർഷത്തേക്ക് വാടക വർധിപ്പിക്കാൻ കഴിയില്ല. ഏത് വാടക വർധനയും ന്യായമായിരിക്കണം.
- കരാർ നേരത്തെ അവസാനിപ്പിക്കുകയാണെങ്കിൽ രണ്ട് കക്ഷികളും ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ, ബാക്കിയുളള കരാർ കാലാവധിക്കുളള വാടകയുടെ 30 ശതമാനമെങ്കിലും വാടകക്കാരൻ ഭൂവുടമയ്ക്ക് നൽകാൻ ബാധ്യസ്ഥനാണ്.വാടക സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറിയാലും കരാർ ബന്ധം അവസാനിക്കില്ല, അല്ലെങ്കിൽ കൈമാറ്റ രീതിയിയോ കാരണമോ
അത്തരത്തിലുളളതായിരിക്കണം. നിശ്ചിത കാലയളവിലെ വാടക കരാറുകൾക്ക്, അപ്രതീക്ഷിതമോ അസാധാരണമോ ആയ സാഹചര്യങ്ങളുണ്ടായാലും ഇരു കക്ഷികളുടേയും സമ്മതത്തോടെ തീരുമാനമെടുക്കാം.
സുതാര്യമായ വ്യവസ്ഥകളും നിബന്ധനകളും ഉൾക്കൊളളുന്നതാണ് പുതിയ വാടകനിയമം. ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ മാത്രമാണ് മുകളിൽ പ്രതിപാദിച്ചത്. വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനായി വാടക തർക്ക കേന്ദ്രത്തിൽ അപേക്ഷ നൽകാം. ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വ്യക്തതയും സുതാര്യതയും ഉറപ്പുവരുത്തുകയെന്നുളളതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.