ഷാർജ: എമിറേറ്റിലെ ഇൻഡസ്ട്രിയൽ ഏരിയ 17ൽ പ്രവർത്തിക്കുന്ന നാല് വെയർഹൗസുകളിൽ തീപിടിച്ചു. കൃത്രിമപ്പൂക്കൾ സൂക്ഷിക്കുന്ന വെയർഹൗസുകളിലാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 7.50നാണ് ഷാർജ സിവിൽ ഡിഫൻസിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉടൻ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസ് ടീം തീ നിയന്ത്രണ വിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താനായി ബന്ധപ്പെട്ട അതോറിറ്റികൾ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. നാശനഷ്ടങ്ങളുടെ കണക്കുകളും നിർണയിക്കപ്പെട്ടിട്ടില്ല. ആരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വെയർ ഹൗസുകളിലാണ് തീപിടിത്തമെന്നതും അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകടം റിപ്പോർട്ട് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ സിവിൽ ഡിഫൻസ് കൂളിങ് നടപടികൾ ആരംഭിക്കുകയും തീയണക്കുകയും ചെയ്തു.











